കോട്ടയം: മെയ് വഴക്കത്തിന്റെ വിസ്മയക്കാഴ്ചകളുമായി ജംബോ സ‌ർക്കസ് വീണ്ടും കോട്ടയത്ത് എത്തി. നേപ്പാൾ, താൻസാനിയൻ കലാകാരന്മാർ അവതരിപ്പിക്കുന്ന എയറോബാറ്റിക്സ്, റഷ്യൻ കുതിര സവാരി, അമേരിക്കൻ റിങ്ങ് ഒഫ് ഡെത്ത്, അറേബ്യൻ ഫയർ ഡാൻസ്, ജംഗ്ളിംഗ്, റോളർ ബാലൻസ്, ശരീരം റബർ തുണ്ടുപോലെ വളച്ചൊടിക്കുന്ന ഡബിൾ ബോൺലെസ് ആക്ട്, നായ, ഒട്ടകം, നീലയും ചുവപ്പും സ്വർണവർണങ്ങളുമുള്ള ആഫ്രിക്കൻ മക്കാവോ തത്തകൾ, ഇന്തോനേഷ്യൻ വംശജയും കുശാഗ്രബുദ്ധിശാലികളുമായ കൊക്കാട്ടൂസ് തത്തകൾ എന്നിവയുടെ അഭ്യാസ പ്രകടനങ്ങൾ ഉൾപ്പെടെ വൈവിദ്ധ്യമാർന്ന ഇനങ്ങളാണ് തമ്പിൽ അരങ്ങേറുന്നത്. കോട്ടയം നാഗമ്പടം മൈതാനത്ത് ഉച്ചക്ക് 1നും വൈകിട്ട് 4നും 7 നും മൂന്ന് പ്രദർശനങ്ങൾ വീതമാണ് നടത്തുന്നത്.