വൈക്കം: ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കാൻ സ്വാമി വിവേകാനന്ദനെ പ്രേരിപ്പിച്ച പഴയ സാഹചര്യങ്ങളിലേക്ക് പുതിയ രൂപത്തിൽ കേരളം മാറുന്നെന്ന തിരിച്ചറിവിലാണ് സർക്കാർ മുൻകൈയെടുത്ത് നവോത്ഥാന സംരക്ഷണ സമിതിക്ക് രൂപം നൽകിയതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വൈക്കം യൂണിയന്റെ ചതയദിന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാന സംരക്ഷണസമിതി കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. സ്ഥാപിത താത്പര്യങ്ങളുമായി അതിനെ തകർക്കാൻ ഏതെങ്കിലും പോക്കറ്റ് സംഘടനകൾ ശ്രമിച്ചാൽ വിലപ്പോവില്ല. നവോത്ഥാനപ്രസ്ഥാനം ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ വേണ്ടി ഉണ്ടാക്കിയതല്ല. കാലം ആവശ്യപ്പെടുന്ന വ്യക്തമായ കർത്തവ്യങ്ങൾ അതിനുണ്ട്. ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന പാരമ്പര്യം ഉൾക്കൊള്ളുന്ന യോഗത്തിന് പുതിയൊരു നവോത്ഥാന മുന്നേറ്റത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാവുമായിരുന്നില്ല. അത് ഹിന്ദു ഐക്യത്തിന് വേണ്ടി നിലകൊള്ളുന്ന ഒന്നല്ല. അതിൽ എല്ലാ വിഭാഗങ്ങളിലും ഉൾപ്പെടുന്നവരുണ്ട്. എല്ലാ പ്രസ്ഥാനങ്ങളും മുന്നോട്ടുള്ള പ്രയാണത്തിന്റെ ഒരുഘട്ടത്തിൽ നേരിടുന്ന പോലെ ഛിദ്രശക്തികൾ ഇവിടെയും തലപൊക്കി. വിഭാഗീയത വളർത്താൻ ശ്രമിച്ചു. അത്തരക്കാർ പുറത്ത് പോകേണ്ടവരാണ്. അവർ വിചാരിച്ചാൽ ഒരു നവോത്ഥാന പ്രസ്ഥാനത്തെ ക്ഷയിപ്പിക്കാനാവില്ല.