പാലാ : തന്നെ നയിക്കുന്നത് ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങളും കാഴ്ചപ്പാടുകളുമാണെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 161ാം നമ്പർ രാമപുരം ശാഖയിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 11ാം വയസിൽ കിടങ്ങൂരിൽ നിന്ന് ഹൈറേഞ്ചിലേക്ക് കുടിയേറുമ്പോൾ അച്ഛൻ മാധവൻ അവിടെ ഗുരുദേവക്ഷേത്രത്തിൽ ശാന്തിയായിരുന്നു. തുടർന്ന് സമുദായ പ്രവർത്തനങ്ങളിൽ താൻ സജീവമായി. രാഷ്ട്രീയത്തിലേക്ക് കടന്നതും ഇവിടെ നിന്നാണ്. ഗുരുദേവ സന്ദേശങ്ങൾ മുഴുവൻ ശ്രീനാരായണീയരും ഉൾക്കൊണ്ടിട്ടില്ല. മഹത്തായ സന്ദേശങ്ങൾ പ്രചരിപ്പിക്കേണ്ട ബാധ്യത ഗുരുദേവനെ ആരാധിക്കുന്ന ഓരോരുത്തർക്കും ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാഖാ പ്രസിഡന്റ് സുകുമാരൻ പെരുമ്പ്രായിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ ജയന്തി സന്ദേശം നൽകി. അനിതാ രാജു മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം സെക്രട്ടറി പി.ആർ. രവി, വനജാ ശശി എന്നിവർ സ്‌ക്കോളർഷിപ്പുകൾ വിതരണം ചെയ്തു. മാണി.സി.കാപ്പൻ, കെ.ആർ. ശശിധരൻ , സി.ടി.രാജൻ, ഷൈനി സന്തോഷ്, സുരേന്ദ്രൻ അറയാനിക്കൽ, മിനി ശശി, കെ.എ. രവി, സുധാകരൻ വാളി പ്ലാക്കൽ, സന്തോഷ് കിഴക്കേക്കര എന്നിവർ പ്രസംഗിച്ചു. കൊണ്ടാട് ഗുരുദേവക്ഷേത്രസന്നിധിയിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിനു ഭക്തർ പീതാംബര വേഷധാരികളായി അണിചേർന്നു.