കുമരകം : കോട്ടത്തോട്ടിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ജലോത്സവത്തിൽ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ അപ്പു രാജേഷ് ക്യാപ്ടനായ കുമരകം ടീം സ്റ്റാർ ബോട്ട് ക്ലബിന്റെ 'മാമ്മൂടൻ' ജേതാക്കളായി. ശ്രീദേവ് കൊച്ചുകാളത്തറ ക്യാപ്ടനായ കുമരകം നസ്രത്ത് ബ്രദേഴ്‌സ് ബോട്ട് ക്ലബിന്റെ തുരുത്തിത്തറയെ പിന്തള്ളിയാണ് മാമ്മൂടൻ ശ്രീനാരായണ എവറോളിംഗ് ട്രോഫി കരസ്ഥമാക്കിയത്.

വ്യാഴാഴ്ച നടന്ന കവണാറ്റിൻകര ടൂറിസം ജലമേളയിൽ മാമ്മൂടനെ പിന്നിലാക്കി തുരുത്തിത്തറ വിജയിയായിരുന്നു. 1903 ൽ ഗുരുദേവൻ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്താൻ എത്തിയതിന്റെ സ്മരണപുതുക്കിയാണ് എല്ലാവർഷവും ചിങ്ങമാസത്തിലെ ചതയദിനത്തിൽ ഇരുട്ടുകുത്തി, വെപ്പ്, ചുരുളൻ വിഭാഗത്തിലെ ചെറുവള്ളങ്ങളുടെ മത്സരം സംഘടിപ്പിക്കുന്നത്. ഇതിൽ ഇരുട്ടുകുത്തി എ ഗ്രേഡിനാണ് ശ്രീനാരായണ എവറോളിംഗ് ട്രോഫി സമ്മാനിക്കുന്നത്. ഇരുട്ടുകുത്തി 'ബി' ഗ്രേഡിൽ ദേവേഷ് നൂറിൽ ക്യാപ്ടനായ കുന്നപ്പള്ളി ദേവമാത ബോട്ട്ക്ലബിന്റെ ദാനിയേൽ ഒന്നാമതെത്തി. രാജാസ് വേളൂർ നയിച്ച വേളൂർ പുളിക്കമറ്റം ക്ലബിന്റെ സെന്റ് ജോസഫിനാണ് രണ്ടാംസ്ഥാനം. വെപ്പ് ഒന്നാം ഗ്രേഡിൽ അഭിൻ ക്യാപ്ടനായ കുമരകം സെൻട്രൽ ബോട്ട് ക്ലബ് തുഴഞ്ഞ പഴശിരാജയും ചുരുളൻ ഒന്നാംതരത്തിൽ കുമരകം എസ്.കെ.എം.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ തുഴഞ്ഞ കോടിമതയും വെപ്പ് ബി ഗ്രേഡിൽ ടോമി മാത്യു കരികണ്ണംതറ ക്യാപ്ടനായ കുമരകം കെ.സി.വൈ.എല്ലിന്റെ ചിറമേൽ തോട്ടുകടവനും വിജയിച്ചു.

വർണാഭമായി ജലഘോഷയാത്ര

ജലോത്സവത്തിന് മുന്നോടിയായി ശ്രീകുമാരമംഗലം ക്ഷേത്രസന്നിധിയിൽ നിന്നു കുമരകം മേഖലയിലെ നാല് എസ്.എൻ.ഡി.പി യോഗം ശാഖകളുടെ ആഭിമുഖ്യത്തിൽ വർണാഭമായ ജലഘോഷയാത്ര നടന്നു. മയിലാട്ടം , നൃത്തം, പ്രച്ഛന്നവേഷം, നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവ തട്ടിൻവള്ളത്തിൽ അണിനിരന്നു. ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ തട്ടിൻവള്ളത്തിൽ ഗുരുദേവ ചിത്രവും ബാലസുബ്രഹ്മണ്യന്റെ തിടമ്പും എഴുന്നള്ളിച്ചു.

കെ.സുരേഷ് കുറുപ്പ് എം.എൽ.എ വള്ളംകളിമത്സരം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വി.എസ് സുഗേഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോൻ ,ബ്ലോക്ക് പഞ്ചായത്തഗം കെ.വി.ബിന്ദു, എസ്.കെ.എംദേവസ്വം പ്രസിഡന്റ് അഡ്വ. വി.പി.അശോകൻ, ഫാ.പി.റ്റി.തോമസ് പള്ളിയമ്പിൽ, ഫാ. ജോസഫ് ജോൺ വെട്ടുകുഴി, അഡ്വ. വി.ബി.ബിനു , പഞ്ചായത്ത് അംഗങ്ങളായ പി.കെ.ശാന്തകുമാർ, രജിതാ കൊച്ചുമോൻ, വി.എൻ.ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വൈകിട്ട് ശ്രീകുമാരമംഗലം ക്ഷേത്രാങ്കണത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ സമ്മാനദാനം നിർവഹിച്ചു. പുഷ്‌ക്കരൻ കുന്നത്തുചിറ അദ്ധ്യക്ഷത വഹിച്ചു.