chathayam

വൈക്കം : വിശ്വമാനവികതയുടെ പ്രവാചകനായിരുന്ന ഗുരുദേവന്റെ ദർശനങ്ങൾ കാലത്തിനതീതമായി നിലകൊള്ളുന്നുവെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. വൈക്കം യൂണിയന്റെ ചതയദിന സമ്മേളനത്തിൽ ചതയദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഗുരു തന്റെ ദാർശനിക ഭാവങ്ങളിൽ മനുഷ്യനെയാണ് പ്രതിഷ്ഠിച്ചത്. നാണുവായി, നാരായണനായി, ശ്രീനാരായണ ഗുരുവായി, ശ്രീനാരായണ ഗുരുദേവനായി ജനമനസ്സുകളിൽ ഗുരു ജ്വലിക്കുന്നത് അതിനാലാണ്. ജാതി ചോദിക്കരുത് പറയരുത് എന്ന് ഗുരുദേവൻ തന്നെ പറഞ്ഞിട്ടുള്ളപ്പോൾ സംവരണമെന്തിനെന്ന് ചോദിക്കുന്നവർ പഴയ ജാതീയതയുടെ പുതിയ മേലങ്കിയണിഞ്ഞവരാണ്. ഗുരുദേവ ദർശനങ്ങളെ ദുർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമം ഇപ്പോൾ വ്യാപകമായി നടക്കുന്നുണ്ട്. ഗുരു കേവലമൊരു ഹിന്ദു സന്യാസിയാണെന്ന് പ്രചരിപ്പിക്കപ്പെടുന്നു. ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന കാര്യങ്ങൾ ഗുരു തന്നെ അസന്നിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്.
ഒരു കാലത്ത് ചടങ്ങിന് മാത്രമായി പ്രവർത്തിച്ചിരുന്ന എസ്.എൻ.ഡി.പി യോഗം വെള്ളാപ്പള്ളി നടേശൻ നേതൃത്വമേറ്റെടുത്തതോടെയാണ് മുഖ്യധാരയിലേക്ക് തിരികെ വന്നു. കേരളത്തിലെ ഏറ്റവും വലിയ ബഹുജന പ്രസ്ഥാനമായി യോഗം വളർന്നത് വെള്ളാപ്പള്ളി നടേശനെന്ന സംഘാടകന്റെ മികവാണെന്നും അദ്ദേഹം പറഞ്ഞു.