കോട്ടയം: ജോസ് വിഭാഗത്തിന്റെ കൂക്കുവിളിയിൽ അസ്വസ്ഥനായി പി.ജെ. ജോസഫ് ഇടഞ്ഞതോടെ താളം തെറ്റിയ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണം ക്ലൈമാക്സിലെത്തിക്കാൻ പി.ജെ.ജോസഫിന്റെ സാന്നിദ്ധ്യത്തിൽ യു.ഡി.എഫ് നേതൃയോഗം ചേർന്നു.
ഭരണങ്ങാനം ഓശാന മൗണ്ടിൽ ചേർന്ന യോഗത്തിൽ ഉമ്മൻചാണ്ടി , രമേശ് ചെന്നിത്തല , ബെന്നി ബഹനാൻ , കെ.സി.ജോസഫ് തിരുവഞ്ചൂർ രാധാകൃഷ്ണൻ , ജോസ് കെ മാണി ,മോൻസ് ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു .തർക്കങ്ങൾ മാറ്റിവച്ച് യു.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് വോട്ടർമാരെ ബോദ്ധ്യപ്പെടുത്തുന്നതിന് പി.ജെ.ജോസഫും ജോസ് കെ മാണിയും ഒന്നിച്ച് പ്രചാരണത്തിനിറങ്ങണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പി.ജെ.ജോസഫിനെയും ഉൾപ്പെടുത്തി അവസാന ഘട്ട പ്രചാരണത്തിന് യോഗം രൂപം നൽകി. പി.ജെ.ജോസഫ് നിർദ്ദേശിച്ചാൽ ഇനി പ്രചാരണത്തിനിറങ്ങുമെന്നാണ് ജോസഫ് വിഭാഗം നേതാവ് അറിയിച്ചത്. യു.ഡിഎഫ് പ്രചാരണത്തിൽ നിന്ന് വിട്ടു നിന്നെന്ന പേരു ദോഷം ഒഴിവാക്കാനുള്ള ശ്രമമായിരിക്കും നടത്തുക. ജോസ് വിഭാഗവുമായി ചേർന്നു പ്രവർത്തിക്കാനുള്ള മാനസികാവസ്ഥ അണികൾക്കില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തൽ.
പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ കേന്ദ്ര - സംസ്ഥാന മന്ത്രിമാരുടെയും, ദേശീയ - സംസ്ഥാന നേതാക്കളുടെയും കുത്തൊഴുക്കിൽ പാലാ ഇളകി മറിയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി കളം നിറഞ്ഞു നിൽക്കുമ്പോൾ, മൂന്ന് ദിവസം തങ്ങി പ്രചാരണം ക്ലൈമാക്സിലെത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുകയാണ്. കേന്ദ്ര മന്ത്രി വി.മുരളീധരന് പുറമെ പ്രധാന നേതാക്കളെ ഇറക്കിയാണ് എൻ.ഡി.എയുടെ വോട്ട് തേടൽ. സ്ഥാനാർത്ഥികൾ മണ്ഡല പര്യടനം തുടങ്ങിയതോടെ പ്രചാരണം ഉച്ചസ്ഥായിയിലായി.