പ്രളയസമയത്തെ മീനച്ചിലാർ പോലെയാണ് ഇപ്പോൾ പാലായുടെ മനസ്. എത്ര ശാന്തമായി ഒഴുകിയാലും കിഴക്കൻവെള്ളത്തിന്റെ കുതിപ്പിൽ വെള്ളത്തിന്റെ വരവ് എങ്ങോട്ടെന്ന് പറയാനാവില്ല. ചേർത്തു നിറുത്തിയതിനെയും തച്ചുതകർക്കും. കെ.എം.മാണിക്കൊപ്പം പറ്റിച്ചേർന്ന് നിന്നെങ്കിലും പാലാ ഇനിയെങ്ങനെ ചിന്തിക്കുമെന്നത് ഗണിച്ചെടുക്കാനാവില്ല. അതുകൊണ്ട് 23ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സർവസന്നാഹങ്ങളുമായാണ് മുന്നണികൾ കളംപിടിക്കുന്നത്.
ഇക്കുറി പാലായിൽ രണ്ട് പ്രത്യേകതകളുണ്ട്. പ്രചാരണത്തിന് കെ.എം. മാണിയില്ല, 32 വർഷമായി പാലായുടെ ചുവരുകളിൽ നിറഞ്ഞ രണ്ടിലയും. അരനൂറ്റാണ്ടിലേറെ പാലായെ നയിച്ച കെ.എം.മാണിയും മൂന്ന് പതിറ്റാണ്ടിലേറെ തളിർത്തു നിന്ന രണ്ടിലയുമില്ലാത്ത തിരഞ്ഞെടുപ്പിൽ, മാണിക്ക് ശേഷം ആരെന്നതാണ് കൗതുകം. പാലാ വീണ്ടും മറ്റൊരു മാണിയെ നിയമസഭയിലെത്തിക്കുമെന്ന് ഇടതുപക്ഷവും മാണിസാറിനെ മനസിലേറ്റിയവർ ജോസ് ടോം എന്ന ശിഷ്യനെ ജയിപ്പിക്കുമെന്ന് യു.ഡി..എഫും പറയുന്നു. മുന്നണികളെ കണ്ട് മടുത്ത പാലാക്കാരുടെ വോട്ട് മാറ്റത്തിനാണെന്നാണ് ബി.ജെ.പിയുടെ നിലപാട്.
അഭിമാനപ്പോരാട്ടം
ജയിക്കുകയെന്നത് മാത്രമല്ല, മുൻപ് കിട്ടിയതിനേക്കാൾ ഒരു വോട്ടെങ്കിലും കുറയുന്നത് പോലും മുന്നണികൾക്ക് സഹിക്കാനാവില്ല. തൊട്ടുപിന്നാലെയെത്തുന്ന മറ്റ് ഉപതിരഞ്ഞെടുപ്പുകളിലും പാലാ ഫലം സ്വാധീനിക്കപ്പെടും. അതുകൊണ്ട് പാലാ പ്രസ്റ്റീജ് വിഷയം കൂടിയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം പാലായിൽ വിജയിച്ചു കാണിക്കേണ്ടത് എൽ.ഡി.എഫിന്റെ ആവശ്യമാണ്. കെ.എം.മാണിയുടെ പിൻഗാമിയായി മറ്റാരെങ്കിലും നിയമസഭയിലെത്തിയാൽ അത് ജോസ് വിഭാഗത്തിന്റെ അടിത്തറയിളക്കുന്നതിന് തുല്യമാകും. ത്രികോണ മത്സരം സൃഷ്ടിക്കുന്ന ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പുകളേക്കാൾ വോട്ട് കൂട്ടുകയെന്നതാണ് ഏറ്റവും വലിയ ആവശ്യം. കേരളത്തിൽ വളർച്ച ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് പാലായിൽ വോട്ട് വർദ്ധിപ്പിച്ചേ മതിയാകൂ.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് സമാനമായി സകല തിരക്കും മാറ്റിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പാലായിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. 18 മുതൽ 20വരെ തുടർച്ചയായി മൂന്ന് ദിവസമാണ് മുഖ്യമന്ത്രി പാലായിൽ ക്യാമ്പ് ചെയ്‌ത് നേരിട്ട് പ്രചാരണം നയിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാവട്ടെ മൂന്നാഴ്ചയോളമായി പാലായിലുണ്ട്. ഘടകക്ഷി നേതാക്കളും മന്ത്രിമാരും പാലായിൽ വന്നും പോയും നിൽക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് മറുപടി നൽകാൻ ഇടതുപക്ഷത്തിന് പാലായിൽ ജയിച്ചേ മതിയാവൂ. ശബരിമല നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് , മത്സരിക്കുമ്പോൾ ഇനിയും തോൽക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ എൻ.സി.പിയിലെ മാണി സി.കാപ്പൻ ജയിക്കുകയെന്നത് എൻ.സി.പിയുടെ ആവശ്യത്തേക്കാളുപരി സി.പി.എമ്മിന്റെ അഭിമാനപ്രശ്‌നം കൂടിയായി.
കെ.എം.മാണിയുടെ മരണശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് കേരളാ കോൺഗ്രസിന്റെ ആവശ്യമാണ്. ജോസ് ടോം വിജയിക്കേണ്ടത് ജോസ്- ജോസഫ് വിഭാഗങ്ങളുടെ അഭിമാനമായി മാറി. രണ്ടില ചിഹ്നം നൽകാതെ ജോസഫ് വെട്ടിലാക്കിയതും മുന്നണിയിലുണ്ടാക്കിയ പ്രതിസന്ധിയും മറികടക്കാൻ ജോസ് വിഭാഗത്തിന് ജയിക്കണം. സമാന്തര പ്രചരണമെന്ന തീരുമാനം ഉപേക്ഷിച്ച് യോജിപ്പിന്റെ പാതയിലേക്ക് മാറുമ്പോൾ ജോസ് ടോം വിജയിച്ചില്ലെങ്കിൽ പാപഭാരം മുഴുവൻ തനിക്ക് ലഭിക്കുമെന്ന ഭയവും ജോസഫിനുണ്ട്. കേരളാകോൺഗ്രസ് സ്ഥാനാർത്ഥി മാത്രം ജയിച്ച ചരിത്രമുള്ള പാലായിൽ മറിച്ച് സംഭവിച്ചാൽ അത് കേരളാ കോൺഗ്രസുകളുടെ പാലായിലെ ഭാവിക്കും ഗുണകരമല്ല.
ശബരിമല വിഷയം ശക്തമായി ഉന്നയിക്കുന്ന ബി.ജെ.പിക്ക് പാലായിൽ വോട്ട് കൂട്ടിയേ പറ്റൂ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാലായിൽ പി.സി.തോമസ് നേടിയ 26,500 വോട്ട് എന്നത് എത്രമാത്രം ഉയർത്താനാകുമെന്നതാണ് ബി.ജെ.പിയുടെ വെല്ലുവിളി. കേന്ദ്രമന്ത്രിമാരും സംസ്ഥാന നേതാക്കളും ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ജില്ലാ പ്രസിഡന്റ് കൂടിയായ എൻ.ഹരിക്ക് വോട്ട് കുറഞ്ഞാൽ അത് ബി.ജെ.പിയിലുണ്ടാക്കുന്ന പ്രശ്‌നവും നിസാരമാകില്ല.
വിശ്വാസം മുതൽ
വികസനം വരെ
ശബരിമലയടക്കം വിശ്വാസ വിഷയങ്ങളും റബർ മേഖലയിലെ പ്രശ്‌നവും വികസനവുമൊക്കെ ചർച്ച ചെയ്യുന്ന തിരഞ്ഞെടുപ്പാണ് പാലായിലേത്. കെ.എം.മാണിയുടെ വികസനം മറക്കാൻ പാലാക്കാർക്ക് കഴിയില്ലെന്ന് യു.ഡി.എഫും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളുടെ പിൻബലമുണ്ടെന്ന് എൽ.ഡി.എഫും കേന്ദ്ര സർക്കാരിന്റെ വികസനം ചൂണ്ടിക്കാട്ടി ബി.ജെ.പിയും തിരഞ്ഞെടുപ്പിനെ നേരിടുന്നു. ശബരിമല വിഷയം യു.ഡി.എഫും ബി.ജെ.പിയും ഇടയ്‌ക്കിടെ ഉയർത്തുന്നുണ്ട്. ശബരിമല ചർച്ചയാകില്ലെന്ന് പറയുമ്പോഴും എൽ.ഡി.എഫിന് ആശങ്കയുണ്ട്. റബറിന്റെ വിലയിടിവിന് കാരണം യു.പി.എ, എൻ.ഡി.എ സർക്കാരുകളാണെന്ന് എൽ.ഡി.എഫ് ആരോപിക്കുന്നു. കെ.എം.മാണിയുടെ വികസനം പാലാ നഗരത്തിലെ റോഡുകൾക്ക് അപ്പുറം പോയില്ലെന്ന് ബി.ജെ.പിയും എൽ.ഡി.എഫും വിമർശിക്കുന്നു.
സാമുദായിക ഘടകം
52 ശതമാനം ഹിന്ദുക്കളും 48 ശതമാനം ക്രിസ്‌ത്യൻ മതവിശ്വാസികളുമാണ് പാലായിലേത്. നായർ, ഈഴവ, കത്തോലിക്കാ വിഭാഗങ്ങൾക്ക് പ്രബലമായ അടിത്തറയുണ്ട് പാലായിൽ. പാലാ രൂപതയും എസ്.എൻ.ഡി.പി, എൻ.എസ്.എസ് യൂണിയനുകളും നിർണായക ഘടകങ്ങളാണ്. മൂന്ന് വിഭാഗങ്ങളേയും നേരിൽക്കണ്ട് ആശീർവാദം വാങ്ങാൻ സ്ഥാനാർത്ഥികളുടെ നിരയാണ്.
12 പഞ്ചായത്ത്, ഒരു നഗരസഭ
12 പഞ്ചായത്തും ഒരു നഗരസഭയും ചേർന്നതാണ്. പാലാ നഗരസഭ, തലപ്പലം, മൂന്നിലവ്, മേലുകാവ്, കരൂർ, ഭരണങ്ങാനം, കൊഴുവനാൽ, മുത്തോലി, രാമപുരം പഞ്ചായത്തുകൾ യു.ഡി.എഫും കടനാട്, തലനാട്, എലിക്കുളം പഞ്ചായത്തുകൾ എൽ.ഡി.എഫും ഭരിക്കുന്നു. മീനച്ചിലിൽ കേരള കോൺഗ്രസ് വിമതനാണ് ഭരണം. പഞ്ചായത്തുകളിൽ ഭൂരിപക്ഷം യു.ഡി.എഫിനാണെങ്കിലും ഉപതിരഞ്ഞെടുപ്പിൽ ചിത്രം മാറുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. പി.സി ജോർജിന് സ്വാധീനമുള്ള പഞ്ചായത്തുകൾ പാലാ മണ്ഡലത്തിലായതാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
13 സ്ഥാനാർത്ഥികൾ
13 സ്ഥാർത്ഥികളാണ് മത്സരിക്കുന്നത്. രണ്ട് പേർ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ക്ളോക്ക്, താമര ചിഹ്നങ്ങളിൽ ജനവിധി തേടും. യു.ഡി.എഫിലെ ജോസ് ടോമിന് സ്വതന്ത്ര ചിഹ്നമായ കൈതച്ചക്ക. പാലായിലെ പാറമടകൾക്കെതിരെ പരിസ്ഥിതി സ്ഥാനാർത്ഥിയായി മജു പുത്തൻകണ്ടവുമുണ്ട്.
ആകെ വോട്ടർമാർ-1,79,107
പുരുഷന്മാർ - 87,72,9
സ്ത്രീകൾ - 91,37,8