കോട്ടയം: എസ്.എൻ.ഡി.പി യോഗം പരിപ്പ് ശാഖയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ശ്രീനാരായണ പക്ഷാചരണ പരിപാടികൾക്ക് തുടക്കമായി. ഗുരുദേവ ജയന്തി മുതൽ മഹാസമാധി വരെയാണ് പക്ഷാചരണം. ശാഖയിലെ എല്ലാ വീടുകളിലും പീതപതാക ഉയർത്തി ഗുരുദേവകൃതികളുടെ പാരായണം നടത്തും. ഇതിന് പുറമെ ദിവസവും വൈകിട്ട് ഗുരുദേവ ക്ഷേത്രത്തിൽ സമൂഹപ്രാർത്ഥനയും പ്രഭാഷണവുമുണ്ട്. പ്രഭാഷണ പരമ്പരയുടെ ആദ്യദിനമായ ഇന്ന് വൈകിട്ട് 5 ന് കോടുകുളഞ്ഞി ശ്രീനാരായണ ധർമ്മാശ്രമം മഠാധിപതി സ്വാമി ശിവബോധാനന്ദ 'ഗുരുസ്തവം- മഹാസമാധി' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. നാളെ വൈകിട്ട് 6 ന് അരുൺരാജ്, 17 ന് വൈകിട്ട് 6 ന് അഭിരാമി സുരേഷ്, 18 ന് രാജീവ് കൂരോപ്പട, 19 ന് ബൈജു മാമ്പുഴക്കരി എന്നിവരും മഹാസമാധി ദിനമായ 21 ന് ഉച്ചയ്ക്ക് 1ന് എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.ഡി. രമേശ് അടിമാലിയും പ്രഭാഷണം നടത്തും. പക്ഷാചരണത്തിന്റെ ഭാഗമായി 17 ന് രാവിലെ 6 ന് ക്ഷേത്രത്തിൽ മഹാഗണപതിഹോമവും, 20 ന് വൈകിട്ട് 6 ന് സമൂഹപ്രാർത്ഥനയും നടക്കും.