കോട്ടയം: കോടിമത- ആലപ്പുഴ ജലപാതയിൽ ബോട്ട് ഓടാത്തതിന് പിന്നിൽ കോട്ടയം നഗരസഭയുടെ കള്ളക്കളിയെന്ന് ആക്ഷേപം.

ജലപാതയിലെ അഞ്ച് നടപ്പാലങ്ങളുടെ അറ്റകുറ്റപ്പണി വൈകുന്നതാണ് ബോട്ട് സർവീസിന് പ്രധാന തടസം. ഇത് പരിഹരിക്കാൻ കരാർ നൽകിയതായും ഉടൻ ശരിയാക്കുമെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും രണ്ട് വർഷത്തിലേറെയായി അറ്റക്കുറ്റപ്പണി നീട്ടിക്കൊണ്ടുപോവുകയാണ്. മുമ്പ് ഇതുവഴി ബോട്ട് സർവീസ് നടത്തിയിരുന്ന കാലത്ത് പാലം ഉയർത്താൻ നിയോഗിച്ചിരുന്ന അഞ്ച് കരാർ തൊഴിലാളികൾക്ക് എട്ട് മാസത്തെ വീതം വേതനം കൊടുക്കാനുണ്ടെന്നും ബോട്ട് സർവീസ് പുനരാരംഭിച്ചാൽ ഇവരുടെ കുടിശികയും തുടർന്നുള്ള ജോലിക്ക് ശമ്പളവും നൽകേണ്ടിവരുമെന്ന ആശങ്കയാണ് പാലം നന്നാക്കാതെ കാലം കഴിച്ചുകൂട്ടാൻ നഗരസഭയെ പ്രേരിപ്പിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കനാലിന് കുറുകെ നിർമ്മിച്ചിട്ടുള്ള നടപ്പാലങ്ങൾ ബോട്ട് വരുമ്പോൾ ഉയർത്തണം. കാലങ്ങളായി അറ്റകുറ്റപ്പണി നടത്താതുമൂലം പാലം ഉയർത്താനാകുന്നില്ല. നാല് പാലങ്ങൾ അടിത്തൂണുകൾ ദ്രവിച്ച് നിലംപൊത്താറായ അവസ്ഥയിലാണ്. തെങ്ങുതടികൊണ്ടാണ് അടിത്തൂൺ നിർമ്മിച്ചിരിക്കുന്നത്. പഴകിയ തൂണുകൾ മാറ്റി പുതിയത് സ്ഥാപിക്കുക മാത്രമാണ് പരിഹാരം. വളരെ വേഗത്തിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനാൽ നാടിന്റെ വികസനവും പരമ്പരാഗതമായൊരു ജലപാതയുമാണ് വിസ്മൃതിയിലാകുന്നത്.

 ജലപാതയിലെ പാലങ്ങളും പ്രശ്നങ്ങളും

1. കാഞ്ഞിരം 15 ൽ കടവ് : അടിത്തൂണുകൾ മാറ്റി സ്ഥാപിച്ചാൽ മനുഷ്യാദ്ധ്വാനം കൊണ്ട് പാലം ഉയർത്താം.

2. ചുങ്കത്ത് മുപ്പതിൽ പാലം: യന്ത്ര സഹായത്തോടെ ഉയർത്താവുന്ന പാലം. അറ്റകുറ്റപ്പണികൾ പൂർത്തിയായി.

3. പാറേച്ചാൽ: അടിത്തൂണുകൾ പുതുക്കിപ്പണിതാൽ ഉയർത്താവുന്നത്.

4. 16ൽ ചിറ : അടിത്തൂണുകളുടെ തകരാർ മാത്രം

5. നാടൻകേരി: അടിത്തൂണുകളുടെ തകരാർ മാത്രം

►കരാർ തൊഴിലാളികൾക്ക് കിട്ടാനുള്ള കുടിശിക മാസം ₹ 13500 വീതം. 8 മാസം.

► 5 തൊഴിലാളികൾക്കും കൂടി ആകെ കിട്ടാനുള്ള തുക : ₹ 5,40,000

പ്രതികരണം

1.

'പതിനാറിൽച്ചിറ പാലം ഉയർത്തുന്ന ജോലിയായിരുന്നു. ദിവസവും രാവിലെ 7.05 മുതൽ വൈകിട്ട് 7.45 വരെയായിരുന്നു ഡ്യൂട്ടി. 9 മാസം ജോലി ചെയ്തു. ഒരുമാസത്തെ ശമ്പളം 13500 രൂപകിട്ടി. ബാക്കി പണത്തിനുവേണ്ടി നഗരസഭയിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തോളമായി. കളക്ടർക്കും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യ്ക്കും പരാതി കൊടുത്തെങ്കിലും യാതൊരു പരിഹാരവുമായിട്ടില്ല'.

- പി.എ. അനീഷ്, പതിനാറിൽച്ചിറ.

2.

'കാഞ്ഞിരം- കോടിമത ജലപാതയിൽ ബോട്ട് ഗതാഗതം പുനരാരംഭിക്കേണ്ടത് നാട്ടുകാരുടെ ആവശ്യമാണ്. പ്രളയകാലത്ത് റോഡ് വെള്ളത്തിലാകുമ്പോൾ കാഞ്ഞിരം, എരകേരിപ്പാടം, വേളൂർ തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയം ജലഗതാഗതമാണ്'.

- കുഞ്ഞുമോൻ, കുരിശുംമൂട്ടിൽ, നാട്ടുകാരൻ.