കോട്ടയം : ഓണക്കാലത്ത് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നടന്നത് 14 മാല മോഷണം. യുവാക്കളടങ്ങുന്ന സംഘം ബൈക്കിലെത്തിയാണ് മോഷണം നടത്തിയത്. തിരക്കേറിയ സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചെങ്കിലും മാലക്കള്ളന്മാരെ പിടികൂടിനായില്ല. 14 പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. പരാതിയുമായി എത്തിയവരെ കേസെടുക്കാൻ മടിച്ച് പൊലീസ് മടക്കി അയച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്‌ച പാലായിലാണ് ആദ്യ മാല മോഷണം റിപ്പോർട്ട് ചെയ്‌തത്. പിന്നീട് പാമ്പാടി, മണർകാട്, കറുകച്ചാൽ എന്നിവിടങ്ങളിലും ബൈക്കിലെത്തി മാല കവർന്നു.

പിന്നിൽ കഞ്ചാവ് സംഘം

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മാല മോഷണം നടത്തിയതിനു പിന്നിൽ കഞ്ചാവ് മാഫിയ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഷണത്തിന്റെ രീതിയും ബൈക്കുകളുടെ മോഡലുമാണ് ഇതിന് തെളിവായി പൊലീസ് പറയുന്നത്. മോഷ്ടിച്ചെടുത്ത ബൈക്കുകളിൽ കറങ്ങി മോഷണം നടത്തിയതെന്നതിന് തെളിവുകളും ലഭിച്ചിട്ടുണ്ട്.

പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു

മാല മോഷണം വ്യാപകമായ സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇത്തരം കേസുകൾ അന്വേഷിച്ച് പരിചയമുള്ള ഉദ്യോഗസ്ഥരാണ് സ്‌ക്വാഡിലുള്ളത്.

സി.സി.ടി.വി ദൃശ്യങ്ങളിലെ ബൈക്കുകളുടെ നമ്പരുകളെല്ലാം മോഷണം പോയത്

പ്രതികളിൽ ഏറെയും 30 ൽ താഴെ പ്രായമുള്ളവർ