കുറവിലങ്ങാട് : എം.സി റോഡിൽ പുതുവേലിയ്ക്ക് സമീപം റോഡിൽ രൂപപ്പെട്ട കുഴി ഉയർത്തുന്നത് വൻ അപകടസാദ്ധ്യത ! ശക്തമായ മഴയിൽ വെള്ളം നിറയുന്നതോടെ കുഴിയുടെ ആഴം മനസിലാക്കാൻ സാധിക്കാത്തതിനാൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. ഇത് രൂപപ്പെട്ടിരിക്കുന്നത് റോഡിന്റെ വളവിനോട് ചേർന്നായതിനാൽ കുഴി മുൻകൂട്ടി മനസിലാക്കുന്നതിനും വാഹനയാത്രക്കാർക്ക് പലപ്പോഴും സാധിക്കുന്നില്ല. ഇത് വൻ ദുരന്ത സാദ്ധ്യതയും ഉയർത്തുന്നു. നിലവിൽ റോഡിലെ അപകട സാദ്ധ്യത ട്രാഫിക് കോൺ ഉപയോഗിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ രാത്രി കാലങ്ങളിൽ ഈ ഭാഗത്ത് വെളിച്ചം ഇല്ലാത്തത് യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് ആക്കം കൂട്ടുന്നു. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകളക്കം നിരവധി വാഹനങ്ങളടക്കം കടന്നുപോകുന്ന റോഡാണിത്. സമീപത്തായി വിദ്യാഭ്യാസസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. റോഡിൽ കുഴി മൂലം വലിയ അപകടം ഉണ്ടാകുന്നതിന് മുമ്പായി റോഡിലെ കുഴി നികത്തണമെന്ന ആവശ്യം ശക്തമാണ്.

 വളരെയധികം തിരക്കുള്ള റോഡിൽ കുഴി അപകടം തന്നെയാണ്. രാത്രിയായാൽ അപകട സാദ്ധ്യതാ മുന്നറിയിപ്പ് വാഹനയാത്രക്കാർ കാണാനും സാദ്ധ്യതയില്ല -- വിദ്യാധരൻ, വാഹനയാത്രക്കാരൻ