അടിമാലി: ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമതി.കഴിഞ്ഞ മാസം 22ന് ഇറങ്ങിയ ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച പുതിയ ഉത്തരവിനെതിരെ തുടർ സമരം സംഘടിപ്പിക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമതിയുടെ തീരുമാനം.ജില്ലാതലത്തിൽ യോഗം വിളിച്ച് ചേർത്ത ശേഷം സമരപരിപാടികൾ എത് രീതിയിൽ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും.ഈ മാസം 18ന് വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന സമതി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന ധർണ്ണാ സമത്തിൽ ഇടുക്കിയിലെ പുതിയ ഭൂവിനിയോഗ ഉത്തരവിനെതിരായ പ്രതിഷേധം ഉയർത്തിക്കാണിക്കുമെന്നും വ്യാപാരി വ്യാവസായി ഏകോപന സമതി ഭാരവാഹികൾ അടിമാലിയിൽ പറഞ്ഞു.ജില്ലയിൽ 15 സെന്റ് വരെയുള്ള പട്ടയ ഭൂമിയിലെ 1500 ചതുരശ്ര അടിയിൽ താഴെയുള്ള കെട്ടിടങ്ങൾ ക്രമപ്പെടുത്തി നൽകുന്നതോടൊപ്പം പരിധിക്ക് വെളിയിലുള്ളവ ഏറ്റെടുക്കുമെന്നാണ് സർക്കാർ ഉത്തരവിലുള്ളത്. പരിധിയിൽ ഉള്ള കെട്ടിടങ്ങൾ ക്രമപ്പെടുത്തി നൽകണമെങ്കിൽ ഉടമസ്ഥന് മറ്റൊരിടത്തും ഭൂമിയില്ലെന്ന് തെളിയിക്കുകയും വേണം.ഇത്തരം ഭേതഗതികൾ നടപ്പിലായാൽ അത് വ്യാപാരികളെ മാത്രമല്ല മലയോര കർഷകന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും..ഉത്തരവ് മറികടക്കുന്നതിനാവശ്യമായ തുടർനടപടികൾ ആലോചിക്കുന്നതിനായി വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം ചർച്ചാ യോഗം സംഘടിപ്പിച്ചിരുന്നു.ഇതിന്റെ തുടർച്ചയായി കൂടുതൽ സമരപരിപാടികൾ ഒരുക്കാനാണ് വ്യാപാരികളുടെ തീരുമാനം.