കോട്ടയം : പ്രചാരണം അവസാനിക്കാൻ അഞ്ചു ദിവസം മാത്രം ശേഷിക്കെ ഓണാവധിയുടെ ആലസ്യം മറന്ന് കേന്ദ്ര - സംസ്ഥാന മന്ത്രിമാരുടെയും, ദേശീയ - സംസ്ഥാന നേതാക്കളുടെയും കുത്തൊഴുക്കിൽ മീനച്ചിലാറിന്റെ തീരത്തുള്ള പാലാ ഇളകി മറിയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി കളം നിറഞ്ഞു നിൽക്കുമ്പോൾ മൂന്ന് ദിവസം പാലായിൽ തങ്ങി പ്രചാരണം ക്ലൈമാക്സിലെത്തിക്കാൻ മുഖ്യമന്ത്രി പിണറായി നേരിട്ട് എത്തുകയാണ്. കേന്ദ്ര മന്ത്രി വി.മുരളീധരന് പുറമെ പ്രധാന നേതാക്കളെ ഇറക്കിയാണ് എൻ.ഡി.എയുടെ വോട്ട് തേടൽ. മൂന്ന് സ്ഥാനാർത്ഥികളുടെയും മണ്ഡല പര്യടനം തുടങ്ങിയതോടെ പ്രചാരണം ഉച്ചസ്ഥായിലായി. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ പ്രചാരണ പരിപാടികൾ കൊഴുവനാലിൽ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.
ഒടുവിൽ ജോസഫ് ഇറങ്ങി
മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അടക്കം യു.ഡി.എഫിനായി അടുത്ത ദിവസമെത്തും. 17 വരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടുംബയോഗങ്ങളിലും, പൊതുയോഗങ്ങളിലും സംബന്ധിക്കും. കൂക്കുവിളി പ്രശ്നത്തിന്റെ പേരിൽ പ്രചാരണത്തിൽ നിന്ന് വിട്ടു നിന്ന പി.ജെ.ജോസഫ് ഇന്നലെ യു.ഡിഎഫ് നേതൃയോഗത്തിൽ പങ്കെടുത്തു. ഇന്ന് വിവിധ യോഗങ്ങളിൽ ജോസ് ടോമിനായി വോട്ട് ചോദിച്ച് പ്രസംഗിക്കുമെന്നാണ് പ്രതീക്ഷ.
മന്ത്രിമാരുടെ നിര
ഇടതുസ്ഥാനാർത്ഥി മാണി സി.കാപ്പന്റെ മണ്ഡല പര്യടനം തലപ്പലം പനയ്ക്കപ്പാലത്ത് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ജി.സുധാകരൻ, സി.രവീന്ദ്രനാഥ് എന്നിവർ ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കും.
മന്ത്രിമാരായ പി.തിലോത്തമൻ, ഏ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവരും പ്രചാരണത്തിനുണ്ട്. എൻ.സി.പി ദേശീയ കലാ സംസ്‌കൃതി സംഘടിപ്പിക്കുന്ന കലാജാഥയും ആരംഭിച്ചു.
ഹരി മലയോരമേഖലയിൽ
മലയോര മേഖലകളിൽ ചലനം സൃഷ്ടിച്ച് എൻ.ഡി.എ സ്ഥനാർഥി എൻ.ഹരി പ്രചാരണം ഊർജിതമാക്കി. കിഴക്കൻ മേഖലയിലായിരുന്നു ഇന്നലത്തെ പര്യടനം. രാവിലെ തലനാട് പഞ്ചായത്തിലെ ചാമപ്പാറയിൽ പി.സി ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊല്ലപ്പള്ളിയിൽ പര്യടനം സമാപിച്ചു. എം.എസ് കരുണാകരൻ , ജെ.പ്രമീളാദേവി, പി.ആർ.മുരളീധരൻ, തിരുവള്ളൂർ മുരളീധരൻ, അഡ്വ.പി.ജെ തോമസ് ,അഡ്വ.ജയസൂര്യൻ, ഷോൺ ജോർജ് തുടങ്ങിയവർ സംസാരിച്ചു.