കോട്ടയം: തലച്ചോറിലെ അണുബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ വീട്ടമ്മ ചികിത്സാസഹായം തേടുന്നു. കോട്ടയം പള്ളം മറ്റത്തിൽ രമേശിന്റെ ഭാര്യ സന്ധ്യ (36) ആണ് സുമനസുകളുടെ കനിവ് തേടുന്നത്. രക്തത്തിലെ കൗണ്ട് കുറയുന്ന രോഗത്തിന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിക്കെ തലച്ചോറിൽ അണുബാധയും പഴുപ്പും ബാധിച്ചു. ഒന്നരമാസത്തോളം മെഡിക്കൽ കോളേജിലെ വാർഡിലും വെന്റിലേറ്ററിലുമായി കഴിഞ്ഞു. രോഗം മൂർച്ചിച്ചപ്പോൾ സ്ഥിരമായി വെന്റിലേറ്റർ സൗകര്യം ലഭ്യമാകുന്ന ഏതെങ്കിലും ആശുപത്രിയിലേക്ക് പോകാൻ പറഞ്ഞ് മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ രണ്ടുവർഷത്തോളം ചികിത്സിക്കണമെന്ന് പറഞ്ഞു. തിരുവനന്തപുരം ശ്രീചിത്രയിൽ ഇരുപത് ദിവസം കൊണ്ട് രോഗം ഭേദമാക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിന് 10 ലക്ഷം രൂപയോളം ചികിത്സയ്ക്ക് ചെലവാകും. പണം ഇല്ലാത്തതിനാൽ സന്ധ്യയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ കിടത്തിയിരിക്കുകയാണ്. രണ്ട് കൊച്ചുകുട്ടികളും കിടപ്പിലായ വൃദ്ധമാതാവും അടങ്ങുന്നതാണ് രമേശിന്റെ കുടുംബം. ഒരുപശുവിൽ നിന്നുള്ള ആദായം മാത്രമാണ് ഏക ആശ്രയം. അഞ്ച് സെന്റ് ഭൂമിയും അതിലെ കൊച്ചുവീടും മാത്രമാണ് കുടുംബത്തിന്റെ സമ്പാദ്യം. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സന്മസുള്ളവർ സഹായിക്കണമെന്നാണ് കുടുംബത്തിന്റെ അഭ്യർത്ഥന.