പാലാ:സെപ്തംബറിൽ എട്ടു ദിവസത്തോളം തുടർച്ചയായി അവധി ഉണ്ടായിരിക്കുകയും തിരുവോണവും മുഹറവും ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുമെല്ലാം ഉണ്ടായിരുന്നിട്ടും മീനച്ചിൽ താലൂക്ക് ഓഫീസ് എല്ലാ ദിവസവും തുറന്നു പ്രവർത്തിച്ചു. അവധിയും ആഘോഷങ്ങളും ഒഴിവാക്കി തിരഞ്ഞെടുപ്പു ജോലികളിൽ മുഴുകുകയായിരുന്നു ജീവനക്കാർ. വോട്ടർ പട്ടിക കൃത്യമായി തയാറാക്കി രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും ലഭ്യമാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ 176 ബൂത്തുകളിലും തിരഞ്ഞെടുപ്പുദ്യോഗസ്ഥർക്കായി 5 വീതം വോട്ടർ പട്ടിക ക്രമപ്പെടുത്തി നൽകുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പോളിംഗ് സ്റ്റേഷനിലേക്കുള സാമഗ്രികളടങ്ങിയ കിറ്റ് തയ്യാറാക്കുന്ന പ്രവർത്തനങ്ങളും ഒപ്പം നടക്കുന്നു. ആഘോഷങ്ങൾ മാറ്റി വച്ച് ജീവനക്കാർ തിരഞ്ഞെടുപ്പു സംവിധാനങ്ങൾ ഒരുക്കുകയാണെന്ന് തഹസീൽദാർ നവീൻ ബാബു പറഞ്ഞു. വോട്ടിംഗ് മെഷീനുകൾ ഇന്നലെ വൈകീട്ട് പാലായിലെത്തിച്ചു കഴിഞ്ഞു. തിങ്കളാഴ്ച ബാലറ്റ് സെറ്റിംഗ് നടക്കും. തുടർന്ന് മോക്‌പോളിംഗും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും വരും ദിവസങ്ങളിൽ നടക്കും. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും വിപുലമായ ക്രമീകരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.