രാജാക്കാട് : പൂപ്പാറ ചൂണ്ടലിൽ ഉരുൾപൊട്ടൽ. രണ്ട് ഇരുചക്ര വാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ടു. വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. ഇന്നലെ രാവിലെ 11 മുതൽ മതികെട്ടാൻ ദേശീയോദ്യാനം ഉൾപ്പെടെയുള്ള പ്രദേശത്ത് കനത്ത മഴയാണ് പെയ്തുകൊണ്ടിരുന്നത്. വൈകിട്ട് നാലോടെ മലമുകളിൽ ഉരുൾപൊട്ടുകയും, മലവെള്ളവും ,മണ്ണും, പാറക്കൂട്ടങ്ങളും വൻതോതിൽ ദേശീയ പാതയിലേയ്ക്ക് പതിക്കുകയുമായിരുന്നു. നിരവധി വാഹനങ്ങളാണ് ഈ സമയം ഇതുവഴി സഞ്ചരിച്ചിരുന്നത്. രണ്ട് ഇരുചക്ര വാഹനങ്ങൾക്ക് മീതേ മണ്ണ് പതിച്ചെങ്കിലും യാത്രക്കാർ ഓടി മാറിയതിനാൽ രക്ഷപെട്ടു. നിരവധി മരങ്ങൾ കടപുഴകി റോഡിലേക്ക് പതിക്കുകയും ചെയ്തു. റോഡിൽ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് റോഡിലെ തടസങ്ങൾ നീക്കി.