രാമപുരം: ഒരു മാസത്തിലേറെയായി കുടിവെള്ളം മുടങ്ങിയതിന് തുടർന്ന് അമനകര നിവാസികളായ നൂറ്റി അമ്പതോളം കുടുംബങ്ങൾ പ്രതിസന്ധിയിൽ. കഴിഞ്ഞ 18 വർഷമായി നല്ലനിലയിൽ പ്രവർത്തിച്ചുവരുന്ന അമനകര കൊറ്റുകരമല കുടിവെള്ള പദ്ധതിയാണ് അവതാളത്തിലായത്. കുഴൽ കിണറിലെ വെള്ളം കുറഞ്ഞതിനെ തുടർന്ന് പണി പൂർത്തിയാക്കാത്ത കുളത്തിൽ നിന്നും, സമീപത്തെ തോട്ടിൽ നിന്നും അഴുക്കുവെള്ളം വീടുകളിലേയ്ക്ക് നൽകിയതായി നാട്ടുകാർ ആരോപിക്കുന്നു. കുടിവെള്ള പദ്ധതി കമ്മിറ്റിയിൽ പെട്ട ചിലർ ജനങ്ങൾക്ക് വെള്ളം ലഭിക്കുന്നതിനുവേണ്ടി കാര്യങ്ങൾ ചെയ്യുന്നതിനു പകരം പമ്പ് ഹൗസ് പൂട്ടിയിട്ടിരിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. ജില്ലാ കളക്ടർക്കും, ആർ.ഡി.ഓ. യ്ക്കും, രാമപുരം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്കും പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ.