അടിമാലി: ഏലത്തിന്റെ മെച്ചപ്പെട്ട വില പ്രയോജനപ്പെടാതെ ജില്ലയിലെ ഏലം കർഷകർ.കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഏലക്കായുടെ ഉത്പാദനം വലിയ തോതിൽ ഇടിഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു.മെച്ചപ്പെട്ട വില ലഭിച്ചതിലൂടെ കാർഷിക മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ.എന്നാൽ ഉത്പാദനക്കുറവിനൊപ്പം ഉണ്ടായ അഴുകൽ രോഗബാധ കർഷകരുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയാവുകയാണ്.പ്രളയാനന്തരം എത്തിയ കടുത്ത വേനൽ വലിയ തോതിൽ ഏലച്ചെടികൾ ഉണങ്ങി നശിക്കുന്നതിനിടവരുത്തി.ശേഷിച്ച ചെടികൾ മികച്ച പരിചരണം നൽകി സംരക്ഷിച്ച് വരികെയാണ് അധിക മഴയെ തുടർന്ന് തട്ട ചീയലും ശരം അഴുകലും വെല്ലുവിളി ഉയർത്തുന്നത്.മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും രോഗ ബാധ പ്രതിസന്ധി തീർക്കുന്നതായി കർഷകർ പറയുന്നു.തുടർച്ചയായ രണ്ടാം വർഷവും ഓഗസ്റ്റ് മാസത്തിൽ കനത്തമഴയാണ് ഇടുക്കിയിൽ ലഭിച്ചത്.ആദ്യ പ്രളയത്തിൽ വ്യാപകമായി ഏലച്ചെടികൾ നശിക്കുകയും ഉത്പാദനം ഗണ്യമായി കുറയുകയും ചെയ്തിരുന്നു.തുടർന്നെത്തിയ കടുത്ത വേനലും ഏലം ക്യഷിക്ക് തിരിച്ചടിയായി.വിപണിയിൽ കായ് കുറഞ്ഞതോടെ ഏലക്കാ വില കുതിച്ചുയർന്നു.മികച്ച വില മുമ്പിൽ കണ്ട് കർഷകർ കൂടുതലായി ഏലകൃഷി ആരംഭിച്ചിട്ടുണ്ട്.അപ്രതീക്ഷിതമായി കുതിച്ചുയർന്ന വില വീണ്ടും കുത്തനെ കൂപ്പു കുത്തുമോയെന്ന ആശങ്കയും ചില കർഷകർ മുമ്പോട്ട് വയ്ക്കുന്നു.