കോട്ടയം : കോടിമത സമാന്തര പാലത്തിനായി കുടിയിറക്കിയപ്പോഴും കുഞ്ഞമ്മ പ്രതിഷേധിച്ചില്ല. വികസനത്തിനാണല്ലോയെന്ന് ഓർത്ത് സമാധിനിച്ചു. എന്നാൽ വർഷങ്ങൾ പിന്നിട്ടു. അന്തിയുറങ്ങാൻ ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷകളെല്ലാം വറ്റി കണ്ണീർപൊഴിക്കുകയാണ് ഈ 80 കാരി. കൊച്ചുമകനോടൊപ്പം ഏത് നിമിഷവും തകർന്ന് വീഴാറായ ഷെഡിൽ ദുരിതജീവിതം നയിക്കുന്ന ഇവരുടെ സങ്കടകണ്ണീർ അധികൃതരും കാണുന്നില്ല. കോടിമത പാലത്തിന് സമീപം വർഷങ്ങളായി താമസിച്ചു വന്ന കുഞ്ഞമ്മയെ മോഹനവാഗ്ദാനങ്ങൾ നൽകിയാണ് നഗരസഭ കുടിയിറക്കിയത്. വീട് നിർമ്മിക്കാൻ നഗരസഭ സ്ഥലം കണ്ടെത്തിയെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങി. ഇവരുടെ ദുരിതം കണ്ട് ഒരു സന്നദ്ധ സംഘടന പാറമ്പുഴയിൽ വീട് നിർമ്മിച്ചു കൊടുക്കാൻ സമ്മതിച്ചെങ്കിലും നിർമ്മാണ ജോലികൾ എങ്ങുമെത്തിയില്ല.
വല്ലപ്പോഴും കിട്ടുന്ന ലോഡിംഗ് പണിയാണ് കൊച്ചുമകന്റെ ഏക വരുമാനം. ചില ദിവസങ്ങളിൽ സുഹൃത്തുക്കളുടെ വീട്ടിലാണ് കൊച്ചുമകൻ ഉറങ്ങുന്നത്. മാനം കറക്കുമ്പോൾ ഇവരുടെയുള്ളിൽ തീമഴയാണ്. പല രാത്രികളിലും ഉറക്കമൊഴിച്ചിരിക്കും. കുഞ്ഞമ്മയുടെ ഇടതുകാലിലെ ജന്മനായുള്ള പ്രശ്നം കാൻസറിന്റെയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. കൃത്യമായ ചികിത്സയ്ക്കും ഓപ്പറേഷനും പണമില്ലാത്തതിനാൽ വേദന കടിച്ചമർത്തി കഴിയുകയാണ് ഇവർ.
ദുരിതവഴികൾ താണ്ടി
ഇരുപതാം വയസിൽ വിവാഹിതയായി കോടിമതയിലെത്തിയതാണ് കുഞ്ഞമ്മ. ഒരു മകൾ ജനിച്ച ശേഷം ഭർത്താവ് ഇവരെ ഉപേക്ഷിച്ചു പോയി. പിന്നീട് മകളായിരുന്നു എല്ലാം. കുഞ്ഞമ്മയുടെ എതിർപ്പ് അവഗണിച്ച് മകൾ വിവാഹിതയായെങ്കിലും ആ ബന്ധം അധികകാലം തുടർന്നില്ല. രണ്ടുമക്കൾ ജനിച്ച ശേഷം മകൾ വിവാഹമോചിതയായി. രണ്ടുവർഷം മുൻപ് മകൾ മരിച്ചു. ഇതിന് പിന്നാലെയായിരുന്നു കുടിയിറക്കലും.