കോട്ടയം: കുണ്ടും കുഴിയും ചെളിയും നിറഞ്ഞു കിടക്കുന്ന ഒരു റോഡ്...സൂക്ഷിച്ച് പോയില്ലെങ്കിൽ അപകടം ഉറപ്പ്...എന്തിനാണ് ഇങ്ങനെ പെടാപ്പാട് പെടുത്തുന്നതെന്ന് കോടിമതയിലെ പഴയ എം.സി റോഡിലൂടെ സഞ്ചരിക്കുന്ന ആരും ചോദിച്ചുപോകും. കാരണം, ഇവിടത്തെ അവസ്ഥ അത്രമാത്രം ദയനീയമാണ്. റോഡ് തകർന്നിട്ട് വർഷം അഞ്ചായി. റോഡ് നന്നാക്കണമെന്ന് യാത്രക്കാർ അന്ന് മുതൽ ഉന്നയിക്കുന്ന ആവശ്യം ഇന്നും അതുപോലെ നിലനിൽക്കുന്നത് മാത്രം മിച്ചം ! എം.സി.റോഡിൽ നിന്നും കോടിമത ബോട്ട് ജെട്ടിയിലേക്ക് പോകുന്ന റോഡ്. ഇരുഭാഗത്തും നിരവധി വ്യാപാര സ്ഥാപനങ്ങൾ. പക്ഷേ, റോഡ് സഞ്ചാരയോഗ്യമല്ലെങ്കിൽ എന്തു പ്രയോജനമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. പ്രദേശങ്ങളിൽ ആർക്കെങ്കിലും രോഗം ബാധിച്ചാൽ ആശുപത്രിയിലെത്തിക്കണമെങ്കിൽ ശരിക്കും ചുറ്റിപ്പോകുമെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് വഴിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി പണം അനുവദിച്ചിരുന്നു. എന്നാൽ റോഡ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി പേരാണ് ഇവിടെയുള്ള കുഴികളിൽ വീണ് അപകടത്തിൽ പെട്ടതെന്ന് നാട്ടുകാർ പറയുന്നു. ഇനിയും അപകടങ്ങൾ വർദ്ധിക്കാതിരിക്കാൻ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.