കോട്ടയം: ജില്ലയിൽ ഓട്ടോറിക്ഷകളിൽ മീറ്റർ സ്ഥാപിക്കുന്നതിന് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ജില്ലാ കളക്ടർ പി.കെ സുധീർ ബാബു സെപ്തംബർ ഒന്ന് മുതൽ മീറ്റർ പ്രവർത്തിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശം പാലിക്കാൻ യൂണിയനുകൾ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സമയപരിധി ഇന്ന് വരെ നീട്ടിയത്. മീറ്റർ പ്രവർത്തിപ്പിക്കുന്നതിന് എതിർപ്പു പ്രകടിപ്പിച്ച ഓട്ടോറിക്ഷക്കാർ നേരത്തെ പണിമുടക്ക് നടത്തിയിരുന്നു. 16ന് ശേഷം പരിശോധനകൾ കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. നിയമ ലംഘനം നടത്തിയ ഓട്ടോറിക്ഷകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിക്കും. മീറ്റർ പ്രവർത്തനക്ഷമമല്ലെങ്കിൽ 10000 രുപ വരെ പിഴ ഈടാക്കും. കുറച്ച് ഓട്ടോറിക്ഷകൾക്കെതിരെ നടപടി എടുത്തപ്പോഴാണ് ഓട്ടോറിക്ഷക്കാർ പണിമുടക്ക് നടത്തിയത്. തുടർന്ന് യൂണിയനുകൾ കളക്ടറുമായി ചർച്ച നടത്തിയതിനെത്തുടർന്ന് സമയപരിധി ഇന്നുവരെ നീട്ടുകയായിരുന്നു.