കോട്ടയം: ജോസ് കെ മാണിക്കു കൈകൊടുത്ത് കാമറകൾക്കു മുന്നിൽ ചിരിച്ചെങ്കിലും പാലായിൽ പ്രചാരണം അവസാനിക്കുന്നതിന് രണ്ടു ദിവസം മുമ്പേ പി.ജെ.ജോസഫ് ഇറങ്ങൂ. ഇന്നലെ അദ്ദേഹം പ്രചാരണത്തിനിറങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും 18 ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി പങ്കെടുക്കുന്ന പൊതുയോഗത്തിൽ പ്രസംഗിക്കുമെന്നാണ് ശനിയാഴ്ച രാത്രി ചേർന്ന യു.ഡി.എഫ് നേതൃയോഗത്തിൽ ജോസഫ് അറിയിച്ചത്. അന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും പാലായിൽ പ്രചാരണത്തിനെത്തുന്നത്.
പ്രചാരണത്തിന് ഇനി നാലു ദിവസമേ ബാക്കിയുള്ളൂ. വോട്ടെടുപ്പ് 23ന് ആണെങ്കിലും 21 ഗുരുദേവ സമാധിയായതിനാൽ പ്രചാരണം 20 നു തന്നെ അവസാനിപ്പിക്കാൻ മുന്നണികൾ തീരുമാനിച്ചിരിക്കുകയാണ്. അവസാന നിമിഷത്തിലാണെങ്കിലും ജോസഫ് വിഭാഗം പ്രചാരണത്തിനിറങ്ങുമെന്നത് യു.ഡി.എഫ് ക്യാമ്പ് ആശ്വാസത്തിലാണ്.
ശബരിമല വിഷയത്തിലേക്ക് തിരഞ്ഞെടുപ്പു ചർച്ചകൾ കേന്ദ്രീകരിക്കാതിരിക്കാൻ തന്ത്രങ്ങളൊരുക്കുകയാണ് ഇടതു മുന്നണി. 54 വർഷം കെ.എം.മാണി മാത്രം ജയിച്ച പാലായിലെ വികസനമില്ലായ്മയും യു.ഡി.എഫിലെ തമ്മിലടിയും സർക്കാർ നേട്ടങ്ങളും മുഖ്യ വിഷയമാക്കിയാണ് ഇടതു പ്രചാരണം. സർക്കാർ വിരുദ്ധ വികാരം ഉയർത്തിയുള്ള പ്രചാരണത്തിലേക്കു മാറാൻ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. മൂന്നു ദിവസം മുഖ്യമന്ത്രി പാലായിൽ താമസിച്ച് ഒൻപതു പരിപാടികളിൽ പങ്കെടുക്കുന്നതിനെ നേരിടാൻ എ.കെ.ആന്റണി അടക്കമുള്ള നേതാക്കളെയാണ് യു.ഡി.എഫ് ഇറക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇടതു പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പാലാ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനുണ്ട്. എൻ.ഡി.എ ക്യാമ്പിന് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയും നേതൃത്വം നൽകുന്നു.
'ഹൃദയത്തിൽ മാണി സാർ ,നമുക്കൊപ്പം ജോസ് ടോം'- ഇതാണ് യു.ഡി.എഫിന്റെ പ്രചാരണ വാചകം. രണ്ടില ചിഹ്നം കിട്ടാതെ വന്നതോടെ മാണി തരംഗം സൃഷ്ടിക്കാൻ ഉന്നമിട്ടാണ് ഇത്. മൂന്നു തവണ തോറ്റ മാണി സി. കാപ്പനോട് സഹതാപ വികാരമുണ്ടെന്ന വിലയിരുത്തലും പാലായിൽ മാറ്റം വേണമെന്ന യുവ വോട്ടർമാരുടെ അഭിപ്രായവും ബൂത്തുതല പ്രവർത്തകരിൽ നിന്ന് കിട്ടിയതോടെ പാലാ വിട്ട് ഇടതു സർക്കാരിനെതിരെ യു.ഡി.എഫ് പ്രചാരണ തന്ത്രം മാറ്റി.
ശബരിമല പ്രധാന പ്രചാരണ വിഷയമാക്കി നിറുത്തുന്നതിനൊപ്പം പ്രളയ പുനരധിവാസത്തിലെ വീഴ്ചയും റബർ വിലസ്ഥിരതാ ഫണ്ട് നിലച്ചതും ചർച്ചയാണ്. ശബരിമല പ്രശ്നം ഉയർത്തി പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ യു.ഡി.എഫും എൻ.ഡി.എയും ഒരുപോലെ പ്രചാരണം ശക്തമാക്കിയെങ്കിലും വിശ്വാസം സംരക്ഷിക്കണമെന്ന നിലപാട് മാണി സി കാപ്പനെക്കൊണ്ട് പറയിക്കുന്ന തന്ത്രമാണ് ഇടതുമുന്നണി പയറ്റുന്നത് . മന്ത്രിമാരടക്കം പങ്കെടുക്കുന്ന കുടുംബയോഗങ്ങളും വീടുകയറിയുള്ള പ്രചാരണവും ശക്തമാക്കിയതോടെ മറ്റു മുന്നണി നേതാക്കളും ഒപ്പമിറങ്ങിയിട്ടുണ്ട്.