കോട്ടയം : പ്രചാരണം അവസാനിക്കാൻ നാലുദിവസം മാത്രം ശേഷിക്കെ പ്രചാരണച്ചൂടിൽ പാലാ ഇളകി മറിയുകയാണ്.
ഇടത് - വലത് - എൻ.ഡി.എ നേതാക്കൾ വീടുകയറി വോട്ടർമാരെ നേരിട്ടു കാണുന്ന തിരക്കിലാണ്. 18 മുതൽ 20 വരെ മുഖ്യമന്ത്രി പിണറായി വിജയൻ പാലായിൽ തങ്ങി പ്രചാരണ ചുമതല ഏറ്റെടുക്കും. യു.ഡി.എഫിന്റെ തുറുപ്പുചീട്ട് ഏ.കെ.ആന്റണിയാണ്. ഇടഞ്ഞു നിന്ന പി.ജെ.ജോസഫ് ശനിയാഴ്ച രാത്രി ജോസ് കെ മാണിക്ക് കൈ കൊടുത്തെങ്കിലും 18 ന് ആന്റണിക്കൊപ്പം പൊതുയോഗത്തിൽ പങ്കെടുക്കുകയുള്ളൂവെന്നാണ് നേതാക്കളെ അറിയിച്ചിട്ടുള്ളത്.
പാലായിൽ പ്രസ്റ്റീജ് വിജയമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും മാറി മാറി പ്രചാരണ നേതൃത്വത്തിനുണ്ട്. കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരും സജീവമായുണ്ട്. ഇടതുക്യാമ്പിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേതൃത്വം നൽകുന്നു. മന്ത്രി എം.എം.മണി, ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ എന്നിവരുമുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയ്ക്കും മറ്റു സംസ്ഥാന നേതാക്കൾക്കും പുറമെ ഘടകകക്ഷി നേതാക്കളായ പി.സി.ജോർജും, പി.സി.തോമസും സജീവമായുണ്ട്. ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അടുത്ത ദിവസം പാലായിൽ എത്തും.
ഇടതു സ്ഥാനാർത്ഥി മാണി സി കാപ്പന്റെ പ്രചരണാർത്ഥം മുൻ എം.എൽഎയും ഖാദി ബോർഡ് ചെയർപേഴ്സണുമായ ശോഭനാജോർജ് ഇന്നലെ എത്തി. ചെങ്ങന്നൂരിലെ ഇടതുമുന്നണി അട്ടിമറി ജയം പാലായിലും ആവർത്തിക്കുമെന്നവർ പറഞ്ഞു. മോഹൻലാലിന്റെയും ജയന്റെയും വേഷം കെട്ടിയ മിമിക്രി താരങ്ങൾ സിനിമാക്കാരനായ കാപ്പനായി ഇന്നലെ പ്രചാരണം നടത്തി.