കോട്ടയം : അഞ്ചു ദിവസത്തിനിടെ നഗരപരിധിയിൽ കഞ്ചാവ് മാഫിയ സംഘം ആക്രണം നടത്തിയത് രണ്ടിടത്ത്. പട്ടാപ്പകൽ പോലും വടിവാളും മാരകായുധനങ്ങളുമായി അക്രമി സംഘം അഴിഞ്ഞാടുന്ന കാഴ്‌ചയാണ് രണ്ടു ദിവസത്തിനുള്ളിൽ കോട്ടയം നഗരത്തിൽ കണ്ടത്. ആർപ്പൂക്കരയിലും, തിരുവാർപ്പിലും ഗുണ്ടാ മാഫിയ സംഘം നടത്തിയ അക്രമണമാണ് ഇപ്പോൾ വീണ്ടും കഞ്ചാവ് മാഫിയയെപ്പറ്റിയുള്ള ചർച്ച സജീവമാക്കിയത്.

ആർപ്പൂക്കരയിൽ കഞ്ചാവ് വിൽപ്പനയെപ്പറ്റി എക്സൈസ് സംഘത്തിനു രഹസ്യ വിവരം നൽകിയെന്നാരോപിച്ചാണ് ഏഴംഗ സംഘം ആർപ്പൂക്കര വില്ലൂന്നി പ്രദേശത്ത് രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇതു കൂടാതെ ഇവരുടെ വീടുകളും അക്രമി സംഘം അടിച്ചു തകർത്തിരുന്നു. നിരവധി ക്രിമിനൽക്കേസുകളിൽ അടക്കം പ്രതിയാക്കപ്പെട്ടവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരെല്ലാം. 19 മുതൽ 22 വയസുവരെയാണ് അക്രമി സംഘത്തിലെ എല്ലാവരുടെയും പ്രായം. എല്ലാവരും നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിചേർക്കപ്പെട്ടവരും, സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്നവരും ആണെന്നും പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

തിരുവാർപ്പിൽ പകിടകളിയെച്ചൊല്ലിയുണ്ടായ തർക്കമാണ് കടയ്‌ക്കു മുന്നിൽ വടിവാൾ ആക്രമണത്തിൽ കലാശിച്ചത്. പകിടകളിയുടെ കളത്തിലുണ്ടായ തർക്കത്തിന്റെ തുട‌ർച്ചയായി കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട നാല് യുവാക്കൾ പട്ടാപ്പകൽ വടിവാളുമായി എത്തി ആക്രമണം നടത്തുകയായിരുന്നു. കടയ്‌ക്കു മുന്നിൽ വച്ച് യുവാവിനെ വെട്ടിയും ചവിട്ടിയും സംഘം വീഴ്‌ത്തി. പരിക്കേറ്റ യുവാവ് ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. എന്നാൽ, ഇയാൾ പൊലീസിൽ പരാതി നൽകാൻ ഇനിയും തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ അക്രമികൾക്കെതിരെ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്.

 ആർപ്പൂക്കരയിൽ സംഭവിച്ചത്

ആർപ്പൂക്കരയിൽ രണ്ടു വീടുകൾ അടിച്ചു തകർത്ത അക്രമി സംഘം രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്‌തു.

 തിരുവാർപ്പിൽ

തിരുവാർപ്പിൽ ഗുണ്ടാ സംഘം കടയ്‌ക്കു മുന്നിൽ നിന്ന യുവാവിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുയായിരുന്നു.

 പാമ്പാടിയിൽ വീടിനുള്ളിൽ കയറി വയോധികന്റെ കാലുകൾ തല്ലിയൊടിച്ചതും കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ടവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആർപ്പൂക്കരയിൽ വീട് ആക്രമിച്ച സംഭവത്തിൽ പിടിയിലായ രണ്ടു പേരെ ഇതുമായി ബന്ധപ്പെട്ട് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തു.

 ലഹരിമരുന്ന് വ്യാപകം

ജില്ലയിൽ കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകളുടെ കച്ചവടവും ഉപയോഗവും ലഹരിമാഫിയ സംഘങ്ങളുടെ അക്രമവും വ്യാപകമായിട്ടും ജില്ലാ പൊലീസ് കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല. നേരത്തെ ലഹരിമാഫിയ സംഘത്തെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘമുണ്ടായിരുന്നു. എന്നാൽ, പുതിയ ജില്ലാ പൊലീസ് മേധാവി അധികാരത്തിൽ എത്തിയതോടെ ലഹരി മാഫിയ സ്‌ക്വാഡിനെ പിരിച്ചു വിടുകയും ചെയ്‌തു. ഇതോടെയാണ് വീണ്ടും ലഹരി സംഘം ഊർജിതമായത്.