പൊൻകുന്നം: പി.പി.റോഡിൽ അട്ടിക്കലിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ചു. ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. അഞ്ചലിപ്പ സ്വദേശിയുടെ കാറാണ് കഴിഞ്ഞ ദിവസം രാത്രി 12.30ന് അപകടത്തിൽ പെട്ടത്. നെടുമ്പാശേരി എയർപോർട്ടിൽ യാത്രക്കാരെ ഇറക്കിയതിനുശേഷം മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് കരുതുന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയായി നവീകരിച്ചതിനുശേഷം പി.പി.റോഡിൽ ഈ ഭാഗത്ത് നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. സോപാനസംഗീതജ്ഞൻ ബേബി എം.മാരാരുടെ ജീവൻ പൊലിഞ്ഞത് ഇതേ സ്ഥലത്ത് മാസങ്ങൾക്കു മുൻപ് നടന്ന കാറപകടത്തിലാണ്.