വൈക്കം : പ്രകൃതിക്ഷോഭത്തിൽ തകർന്ന വീട് നന്നാക്കാൻ സഹായം അഭ്യർത്ഥിച്ച കുടുംബത്തിന് ഭവനം നിർമ്മിച്ച് നൽകി എൻ. എസ്. എസ്. കരയോഗം മാതൃകയായി. കാരിക്കോട് തെക്കേക്കര 1936-ാം നമ്പർ ശിവവിലാസം എൻ. എസ്. എസ്. കരയോഗം ഭാരവാഹികൾ മന്നം ജയന്തിയോടനുബന്ധിച്ച് ഭവന സന്ദർശനം നടത്തിയപ്പോഴാണ് വടക്കേപ്പറമ്പിൽ സന്തോഷിന്റെ ഭാര്യ അനിത തങ്ങളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയത്. അംഗങ്ങളുടെ കൂട്ടായ്മയിൽ പന്ത്റണ്ട് ലക്ഷം രൂപ ചെലവിൽ വീട് നിർമ്മിച്ച് നൽകാൻ പൊതുയോഗം തീരുമാനിച്ചു. തൊട്ടടുത്ത ആഴ്ചയിൽ തന്നെ ശിലാസ്ഥാപനം നടത്തി. ആറ് മാസത്തിനുള്ളിൽ കുടുംബാംഗങ്ങളുടെ ഇഷ്ടാനുസരണമുള്ള പ്ലാനിൽ വീട് പൂർത്തീകരിച്ച് താക്കോൽ ദാനവും ഗൃഹപ്രവേശനവും നടത്തി.
യൂണിയൻ കമ്മിറ്റി അംഗവും കരയോഗം പ്രസിഡന്റുമായ പി. ജി. എം. നായർ കാരിക്കോടിന്റെ അദ്ധ്യക്ഷതയിൽ പുതിയ വീട്ടിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ഡോ. സി ആർ വിനോദ് കുമാർ താക്കോൽദാനം നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി കെ. വി. വേണുഗോപാൽ, ഒ. ടി. രാമചന്ദ്രൻ, എൻ മധു, എസ് മുരകേശ് , അനീഷ് കുമാർ, ടി കെ വാസുദേവൻ നായർ, ഭാസ്‌കരൻ എ. കെ, ശശിധരൻ, മനോജ്, സുരേഷ്, രവീന്ദ്രൻ, രമേശൻ, സന്തോഷ് , രാജപ്പൻ നായർ, മായാദേവി തുടങ്ങിയവർ പങ്കെടുത്തു.