puthanar

ചങ്ങനാശേരി: പോളയും മാലിന്യവും നിറഞ്ഞ് അതീവ നാശത്തിലേക്കെത്തിയ മനയ്ക്കച്ചിറ പുത്തനാർ ശാപമോക്ഷം തേടുന്നു. ഒരുകാലത്ത് ഉൾനാടൻ മീൻപിടിത്തക്കാരുടെ പ്രധാന കേന്ദ്രമായിരുന്ന ഇവിടം ഇന്ന് മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ്. പെരുന്നയിലെ ആവണി മുതൽ പടിഞ്ഞാറോട്ട് പുളിങ്കുന്നു വരെ പോളയും ചെളിയും അടിഞ്ഞ നിലയിലാണ്. പോളയുടെ ആധിക്യം മൂലം വള്ളങ്ങൾക്ക് ഇതുവഴി കടന്നുപോകാനും സാധിക്കില്ല. ആറിന്റെ ഇരു കരകളിൽ മീൻ പിടിക്കാനായി ചൂണ്ടയും വലയുമായും തൊഴിലാളികളെ മുൻപ് കണ്ടിരുന്നെങ്കിൽ ഇന്ന് ആരും ഇവിടെയെത്താറില്ല. മീനിലെന്നത് മാത്രമല്ല, ഇവിടത്തെ ജലവും വിഷമയമായി മാറുകയാണ്. കുളിക്കുന്നതിനും മറ്റു ആവശ്യങ്ങൾക്കും ഈ വെള്ളം ഉപയോഗിക്കുന്ന പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായും പരാതിയുണ്ട്. മാലിന്യവാഹിനിയായി മാറിയ പുത്തനാറിന്റെ സമഗ്രമായ നവീകരണം കുട്ടനാടൻ പാക്കേജിൽ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും അത് നടപ്പായതുമില്ല. മനയ്ക്കച്ചിറമുതൽ പുളിങ്കുന്നു വരെ ജലപാത നവീകരിക്കാൻ അടിയന്തിരമായി സർക്കാരും ജനപ്രതിനിധികളും ഇടപ്പെട്ട് പുത്തനാർ ടൂറിസറ്റ് ജലപാതയായി പുനർജനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

 ഫ്ലൈ ഓവർ വികസനവും അകലെ...

എ.സി.റോഡിൽ വെള്ളക്കെട്ട് മൂലം ഗതാഗതം താറുമാറാകുന്നതിന് ബദലായി പ്ലൈ ഓവർ നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. 350 കോടി രൂപ പദ്ധതി ചെലവിനായി അനുമതിയുമായി. എസി.റോഡിൽ ഇതിനായി മണ്ണ് പരിശോധനകളും പൂർത്തിയായി. എന്നാൽ പുത്തനാർ നവീകരിക്കാതെ മാലിന്യ വാഹിനിക്ക് മുകളിൽ ഫ്ലൈ ഓവർ വികസനം ഇന്നും അകലെയാണ്.