പാലാ: വീറും വാശിയുമേറിയ പാലാ ഉപതിരഞ്ഞെടുപ്പിൽ ആര് ജയിക്കും ....? ചർച്ചകളും പ്രചാരണങ്ങളും കൊഴുക്കുമ്പോൾ വോട്ടെടുപ്പിനും ഒരാഴ്ച മുമ്പേ വിജയിയെ പ്രവചിച്ചിരിക്കുകയാണ് ബാല മജീഷ്യൻ കണ്ണൻ മോൻ. തിരഞ്ഞെടുപ്പിൽ ജയിക്കുന്ന സ്ഥാനാർത്ഥി , അദ്ദേഹത്തിനു ലഭിക്കുന്ന വോട്ടുകളുടെ എണ്ണം, ഭൂരിപക്ഷം, എന്നിവ രേഖപ്പെടുത്തിയ പേപ്പർ ഇന്നലെ കവറിലാക്കി, പെട്ടിയിലിട്ട്, പാലാ കിഴതടിയൂർ സഹകരണ ബാങ്കിന്റെ ലോക്കറിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചു കഴിഞ്ഞു.

പാലാ നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ , കിഴതടിയൂർ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോർജ്. സി. കാപ്പൻ, മാദ്ധ്യമ പ്രവർത്തകനായ ടി.എൻ. രാജൻ എന്നിവരുൾപ്പെടെ വിവിധ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിലാണ് മജീഷ്യൻ കണ്ണൻ മോൻ തിരഞ്ഞെടുപ്പ് പ്രവചന രേഖ കവറിലിട്ടത്. കവറിനു മേൽ ബിജി ജോജോ, അഡ്വ. ജോർജ്. സി. കാപ്പൻ, ടി.എൻ. രാജൻ എന്നിവർ പേരെഴുതി ഒപ്പിട്ടു. ഈ കവർ ഒരു പെട്ടിയിലാക്കി, പെട്ടിയും സീൽ ചെയ്തു. ഇതിനു മേലും പ്രമുഖർ പേരും ഒപ്പും രേഖപ്പെടുത്തി.

ബാങ്ക് ലോക്കറിൽ വെയ്ക്കുന്നതിനായി പെട്ടി കിഴതടിയൂർ ബാങ്ക് സെക്രട്ടറി എസ്. ശ്രീലത ഏറ്റുവാങ്ങി. വോട്ടെണ്ണൽ ദിവസം പെട്ടി ലോക്കറിൽ നിന്നെടുത്ത് പ്രമുഖരുടെയും ഒപ്പിട്ട സാക്ഷികളുടെയും സാന്നിദ്ധ്യത്തിൽ തുറന്ന് പ്രവചനം വെളിപ്പെടുത്തുമെന്ന് മജീഷ്യൻ കണ്ണൻ മോൻ പറഞ്ഞു.

'തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം വരാതെ ഫലം വെളിപ്പെടുത്തുന്നത് നിയമ വിരുദ്ധമായതിനാൽ, ജയിക്കുന്ന സ്ഥാനാർത്ഥിയുടെ പേരോ മറ്റു സൂചനകളോ ഒന്നും ഇപ്പോൾ പരസ്യമായി പറയാൻ നിവൃത്തിയില്ല. എന്നാൽ വിജയിക്ക് കിട്ടുന്ന വോട്ടിന്റെ എണ്ണം ഉൾപ്പെടെ എന്റെ പ്രവചനത്തിലുണ്ട്. മണ്ഡലത്തിൽ അദ്ദേഹം എം.എൽ. എ എന്ന നിലയിൽ ഉടൻ ചെയ്യേണ്ട മൂന്ന് കാര്യങ്ങളും പ്രവചനത്തോടൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. ' മജീഷ്യൻ കണ്ണൻ മോൻ വിശദീകരിച്ചു.

കഴിഞ്ഞ 9 വർഷമായി മാജിക് രംഗത്തുള്ള 12കാരനായ കണ്ണൻ മോൻ എന്ന എസ്. അഭിനവ് കൃഷ്ണ രാമപുരം വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഏഴാച്ചേരി തുമ്പയിൽ സുനിൽ കുമാർ-ശ്രീജ ദമ്പതികളുടെ മകനാണ്.