കോട്ടയം : പട്ടാപ്പകൽ കോട്ടയം നഗരമദ്ധ്യത്തിലെ കൊറിയർ സ്ഥാപനത്തിനുള്ളിൽ ജീവനക്കാർക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച രണ്ടംഗ അക്രമി സംഘം ഒരു ലക്ഷത്തോളം രൂപ കവർന്നു. തിരുനക്കര പോസ്റ്റ് ഓഫീസ് റോഡിലെ കിഴക്കേതിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന എക്‌സ്‌പ്രസ് ബീസ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. മാനേജർ പുതുപ്പള്ളി പുതുപ്പറമ്പിൽ സനീഷ് ബാബു (26), ജീവനക്കാരായ കാഞ്ഞിരം അടിവാക്കൽ നികേഷ് (25), നാട്ടകം വടക്കത്ത് വിഷ്ണു (26) എന്നിവർക്ക് പരിക്കേറ്റു. നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായ തിരുവാതുക്കൽ സ്വദേശികളായ രണ്ടുപേരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയ്‌ക്ക് 12 ഓടെയായിരുന്നു സംഭവം. പോസ്റ്റ് ഓഫീസ് റോഡിൽ നിന്നു സി.എം.എസ് കോളേജിലേയ്‌ക്കുള്ള ഇടവഴിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഓണത്തിന് ഒരാഴ്‌ചയായി ബാങ്ക് അവധിയായിരുന്നതിനാൽ കഴിഞ്ഞ ആഴ്‌ചത്തെ കളക്ഷനായ പത്തുലക്ഷത്തോളം രൂപ ഇവിടെയുണ്ടായിരുന്നു. രാവിലെ ബാങ്കിൽ അടയ്‌ക്കുന്നതിന് മുന്നോടിയായി ജീവനക്കാർ തുക എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം. ഒരാൾ ഹെൽമറ്റ് ധരിച്ചിരുന്നു. മേശപ്പുറത്തിരുന്ന 91,706 രൂപയുമായി ഇയാൾ പുറത്തേയ്‌ക്ക് ഇറങ്ങിയോടി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഏഴുപതിനായിരത്തോളം രൂപ മുറിയ്‌ക്കുള്ളിൽ വീണു.

അസ്വസ്ഥത അനുഭവപ്പെട്ട് അല്പനേരം അനങ്ങാനാവാതെ നിന്ന ജീവനക്കാർ ബോധം വീണ്ടെടുത്ത് പിന്നാലെ ഓടി ഓഫീസിന്റെ മുന്നിൽ വച്ച് അക്രമികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ജീവനക്കാരെ മർദിച്ച ശേഷം ഇവർ ഓടിരക്ഷപ്പെട്ടു. മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേയ്‌ക്കും സംഘം മതിൽ ചാടി രക്ഷപ്പെട്ടിരുന്നു. അക്രമികളിലൊരാൾ രാവിലെ കൊറിയ‌ർ അയ‌ക്കാനെന്ന പേരിൽ ഇവിടെ എത്തി പരിസരം നിരീക്ഷിച്ചിരുന്നു. ഇതിന് ശേഷമാണ് മോഷണം നടന്നത്. ഓഫീസിലെയും സമീപത്തെ സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പൊലീസ് തിരിച്ചറിയുകയായിരുന്നു. കോട്ടയം ഡിവൈ.എസ്.പി ആർ. ശ്രീകുമാർ, വെസ്റ്റ് സി.ഐ എം.ജെ. അരുൺ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.