ramya-haridas

കോട്ടയം:പാലായിൽ മന്ത്രിമാരെ കൂട്ടത്തോടെ ഇറക്കിയ ഇടതു മുന്നണി, സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ്. പരാജയം സമ്മതിച്ചതുകൊണ്ടാണ് യു.ഡി.എഫ് ഇത്തരം പ്രചാരണം നടത്തുന്നതെന്ന് കോടിയേരി. ജോസഫിന്റെ ഉടക്ക് ചൂണ്ടിക്കാട്ടി പാളയത്തിൽ പടയെന്നു പരിഹസിക്കുന്ന എൽ.ഡി.എഫിനോട്, എങ്കിൽ എൻ.സി.പിയിലെ കൂട്ടരാജിയോ എന്ന മറുചോദ്യവുമായി പ്രതിപക്ഷം. ക്രിസ്ത്യൻ വോട്ടുകളിൽ കണ്ണുനട്ട് മഠങ്ങൾ കയറിയിറങ്ങാൻ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്ക്ക് ഡ്യൂട്ടി നൽകി ഇടതുപക്ഷം, ദേശീയ നേതാക്കളെ മണ്ഡലത്തിലിറക്കി എൻ.ഡി.എ..

പ്രചാരണം അവസാന ഘട്ടത്തിലേക്കു കടന്നതോടെ പാലാ തിളച്ചുതുടങ്ങി.

നാളെ മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പാലായിലെത്തുന്നതോടെ പ്രചാരണത്തിൽ ഏറെ മുന്നിലെത്താനാകുമെന്നാണ് ഇടതു മുന്നണിയുടെ കണക്കുകൂട്ടൽ. മൂന്നു ദിവസം പാലായിൽ തങ്ങുന്ന പിണറായിക്കായിരിക്കും ഈ ദിവസങ്ങളിൽ പ്രചാരണത്തിന്റെ ചുക്കാൻ. ജോസഫിന്റെ പിണക്കത്തിൽ വലഞ്ഞ യു.ഡി.എഫിന് വീണുകിട്ടിയ ആയുധം പോലെയായി, ഇടതു സ്ഥാനാർത്ഥി മാണി സി കാപ്പന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് എൻ.സി.പിയിൽ നിന്ന് 42 പേർ രാജിവച്ച സംഭവം. അതേസമയം, രാജി വച്ചവർ യു.ഡി.എഫിന്റെ ഉപകരണമാണെന്നായിരുന്നു മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം.

പാലായിലെ ജയം യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരുപോലെ അഭിമാന പ്രശ്നമായതോടെ വോട്ട് ഉറപ്പിക്കാൻ ഇരുമുന്നണികളും സാധ്യമായ എല്ലാ വഴികളും തേടുകയാണ്. പ്രചാരണം തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി, ക്രൈസ്തവ മഠങ്ങളിലെ പ്രചാരണത്തിന് മന്ത്രി മേഴ്സിക്കുട്ടി അമ്മയെ എൽ.ഡി.എഫ് ഇറക്കിക്കഴിഞ്ഞു. പാലായിൽ ഇരുപതോളം മഠങ്ങളിലാണ് മേഴ്സിക്കുട്ടി അമ്മ വോട്ട് തേടിയെത്തുക.

ആലത്തൂരിൽ നാടൻപാട്ടു പാടി എം.പിയായ രമ്യാ ഹരിദാസ് യു.ഡി.എഫിനായി പാലായിലും പാട്ടുമായി എത്തിയപ്പോൾ മോഹൻലാലിന്റെയും ജയന്റെയും കലാഭവൻ മണിയുടെയും ഡ്യൂപ്പുകളായ മിമിക്രി കലാകാരന്മാരെ കളത്തിലിറക്കിയാണ് മാണി സി. കാപ്പന്റെ മറുപടി.

ന്യൂനപക്ഷ വോട്ടുകൾ പിടിക്കാൻ മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെയാണ് എൻ.ഡി.എ കളത്തിലിറക്കിയിരിക്കുന്നത്. ത്രിപുരയിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ച തന്ത്രം മെനഞ്ഞ സുനിൽ ദിയോദർ ഇന്ന് പാലായിലെത്തും. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രി വി. മുരളീധരൻ, ദേശീയ ജനറൽ സെക്രട്ടറി മുരളീധരറാവു, നടൻ സുരേഷ് ഗോപി എം.പി എന്നിവരും വരുംദിവസങ്ങളിൽ മണ്ഡലത്തിലുണ്ടാകും. പാർട്ടി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഇന്നലെ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.