പൊൻകുന്നം: അഞ്ചു പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച പാട്ടുപാറ പാലം ഏതു നിമിഷവും തകർന്നു വീഴാവുന്നവിധം അപകടാവസ്ഥയിൽ. പൊൻകുന്നം-പാലാ റോഡിൽ അട്ടിക്കൽ കവലയിൽനിന്നാരംഭിക്കുന്ന അട്ടിക്കൽ തമ്പലക്കാട് റോഡിൽ പാട്ടുപാറ ജംഗ്ഷനിലാണ് പാലം. ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ ഒന്നും രണ്ടും വാർഡുകളാണ് റോഡിനിരുവശവും അതിർത്തി പങ്കിടുന്നത്. നേരത്തെ രണ്ട് സർവീസ് ബസുകൾ ഇതുവഴി ഓടിക്കൊണ്ടിരുന്നതാണ്. പാലം തകർന്നതോടെ ബസുകൾ മറ്റൊരു വഴിക്ക് തിരിച്ചുവിട്ടു. പാലം ഉൾപ്പെടെ റോഡിന്റെ പലഭാഗങ്ങളിലും വീതി കുറവായതിനാലാണ് ഏറെ പ്രാധാന്യമുള്ള ഈ റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുക്കാത്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. വർഷങ്ങൾക്കുമുമ്പ് പാലത്തിന്റെ അടിത്തറയിൽ വിള്ളലുണ്ടായപ്പോൾതന്നെ നാട്ടുകാർ ഗ്രാമപഞ്ചായത്തിലും മറ്റും പരാതി നൽകിയങ്കെിലും ഒരു അന്വേഷണംപോലും നടത്താൻ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഇപ്പോൾ കൈവരികളും തകർന്നു. പാലത്തിന്റെ മേൽത്തട്ടിലെ കോൺക്രീറ്റ് പൊളിഞ്ഞ് പൊട്ടിയ കമ്പികൾ പുറത്തക്ക് തള്ളി നിൽക്കുകയാണ്.ഇതുമൂലം കാൽനടയാത്രക്കാരും വാഹനങ്ങളും അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്.
ആയിരത്തിൽ പരം കുടുംബങ്ങൾക്ക് ആശ്രയമായ പാലത്തിലൂടെ വലുതും ചെറുതുമായ നിരവധി വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്.തീർത്ഥാടനകേന്ദ്രമായ മാന്ത്ര പള്ളിയിലെത്താനും ഇതാണ് എളുപ്പമാർഗ്ഗം. പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായെങ്കിലും പുതുക്കിപ്പണിയുന്നതിനുള്ള യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.