പാലാ : ഉച്ചയ്ക്ക് 12.45. മുത്തോലിക്കവല ചുട്ടുപൊള്ളുകയാണ്. കനത്തചൂടിലും ഷാളുമായി മാണി സി.കാപ്പനെ കാത്തു നിൽക്കുന്നുണ്ട് പ്രവർത്തകർ. അനൗൺസ്‌മെന്റ് വാഹനത്തിന് പിന്നാലെ തുറന്ന ജീപ്പിൽ സ്ഥാനാർത്ഥിയിറങ്ങുമ്പോൾ മാലപ്പടക്കം പൊട്ടിത്തുടങ്ങി. പടക്കം പൊട്ടിത്തീർന്നതും ഫ്രീക്കൻ പയ്യന്മാരുടെ കൈയുടെ താളത്തിന് അനുസരിച്ച് നാസിക് ഡോൾ ചിലയ്ക്കാൻ തുടങ്ങി. ഷാളുകൊണ്ട് നെറ്റിയിലെ വിയർപ്പ് തുടയ്ക്കുമ്പോഴും ചിരിവിടാതെ സ്ഥാനാർത്ഥി വോട്ട് തേടുകയാണ്.
മുദ്രാവാക്യം വിളികൾക്കിടയിൽ വോട്ടർമാരുടെ കൈപിടിച്ച് സ്നേഹം പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നു സ്ഥാനാർത്ഥി. സ്വീകരണം കഴിഞ്ഞപ്പോഴേയ്ക്കും കൈയിൽ നിറയെ റോസാപ്പൂക്കൾ. കഴുത്തിൽ ചുവന്നമാലകളുടെ കൂട്ടം. ഇതിനിടെയാണ് നടൻ 'ജയനും' റോസാപ്പൂവുമായി അരികിലെത്തിയത്. കാമറകൾക്ക് മുന്നിൽ കൈനീട്ടിയ 'ജയൻ' കാപ്പന് വേണ്ടി വോട്ടും തേടി. ഒരുകൂട്ടം മിമിക്രി കലാകാരൻമാരും കാപ്പന് വേണ്ടി വ്യത്യസ്ത ഫിഗറിലുണ്ട് പാലായിൽ.
ഒന്നരമണിക്കൂറായി കവലയിൽ സ്ഥാനാർത്ഥിയെ കാത്ത് നിൽക്കുകയായിരുന്നു പുലിയന്നൂർ അള്ളുങ്കൽ മറിയാമ്മ (86). സ്ഥാനാർത്ഥി വരാൻ വൈകിയപ്പോൾ സമീപത്തെ കടത്തിണ്ണയിൽ പ്രവർത്തകർ കസേരയിട്ടുകൊടുത്തു. അണിയിക്കാനായി കരുതിയിരുന്ന മാല ഇടയ്ക്ക് താഴെവീണു. തലകുനിച്ച് മാല നോക്കുമ്പോൾ തൊട്ടുമുന്നിൽ ചിരിച്ചുകൊണ്ട് നിൽക്കുന്നു സ്ഥാനാർത്ഥി. മാലയെടുത്ത് എണീക്കുമ്പോഴേയ്ക്കും കാപ്പൻ തിരിച്ചൊരു മാല മറിയാമ്മയ്ക്കിട്ടു. അപ്രതീക്ഷിതമായി കഴുത്തിൽ മാലവീണപ്പോൾ മറിയാമ്മച്ചേട്ടത്തിക്കുമൊരു നാണം. കള്ളച്ചിരിയോടെ വോട്ട് ചെയ്യുമെന്ന് കൈപിടിച്ചു പറഞ്ഞു.
" എം.എൽ.എ ആയാൽ പാലായിൽ കെ.എം.മാണിയുടെ കാലത്ത് പൂട്ടിയ രണ്ട് സഹകരണ സ്ഥാപനങ്ങൾ തുറക്കാനുള്ള നടപടിയെടുക്കും. പത്ത് പേർക്കെങ്കിലും തൊഴിൽ ലഭിക്കുന്ന പദ്ധതികൾ ആരംഭിക്കും. മാണിക്ക് 52 വർഷമായി ചെയ്യാൻ കഴിയാതിരുന്നത് ഒരു വർഷവും എട്ട് മാസവും കൊണ്ട് ചെയ്യാൻ കഴിയും''
- മാണി സി.കാപ്പൻ
ആദ്യം മുള്ളെങ്കിലും പിന്നെ കൈതച്ചക്ക മധുരിക്കും
കടനാട് പഞ്ചായത്തിലെ കുമ്മണ്ണൂരിൽ ഉച്ചകഴിഞ്ഞ് മൂന്നിന് യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം പര്യടനം തുടങ്ങുമ്പോൾ മഴമുറിഞ്ഞു പെയ്യുന്നുണ്ടായിരുന്നു. പര്യടനം ഉദ്ഘാടനം ചെയ്ത അടൂർ പ്രകാശ് എം.പി ജോസ് ടോമിനെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് സംസാരിക്കുകയാണ്. പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന റോജി ജോൺ എം.എൽ.എയോട് മഴ നല്ല ലക്ഷണമാണെന്ന് സ്ഥാനാർത്ഥി പറയുന്നു. മഴയത്തും തന്നെ കാത്ത് നിന്നവർക്ക് നന്ദി പറഞ്ഞ് വോട്ട് തേടി ജോസ് ടോം കളംകൊഴുപ്പിക്കുന്നു. വോട്ടിംഗ് മെഷീനിൽ ഏഴാമതായുള്ള കൈതച്ചക്ക ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്നാണ് അഭ്യർത്ഥന. രണ്ടിലക്ക് കുത്തി ശീലിച്ചവർക്ക് ഒരു പിഴവും ഇക്കുറിയുണ്ടാവരുതെന്ന് സ്ഥാനാർത്ഥിക്ക് നിർബന്ധമുണ്ട്. അതുകൊണ്ട് തന്നെ ക്രമനമ്പരും ചിഹ്നവും ആവർത്തിച്ചാവർത്തിച്ച് വോട്ടർമാരെ ഓർമിപ്പിക്കുകയാണ്. കടനാട് പഞ്ചായത്തിലെ കൈതച്ചക്ക കൃഷി ചെയ്തിരിക്കുന്ന റബർത്തോട്ടങ്ങൾക്ക് നടുവിലെ വഴയിലൂടെയാണ് സ്ഥാനാർത്ഥിയുടെ യാത്ര. കൈതച്ചക്ക പോലെയാവും ജോസ് ടോമിന്റെ വിജയവുമെന്ന് അടുപ്പക്കാർ പറയുന്നു. കൈതച്ചക്കയുടെ മുള്ളുപോലെ പ്രതിസന്ധിയുടെ മുള്ളുകളായിരുന്നു ഇതുവരെയെങ്കിൽ, അവ ചെത്തിമാറ്റുമ്പോൾ മധുരിക്കുന്ന വിജയം ലഭിക്കുമത്രേ!
ഹരിയുടെ മനസിൽ പ്രഥമന്റെ രുചിയുള്ള വിജയം
ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കിയ എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരി സുഹൃത്തിന് കൊടുത്ത വാക്ക് പാലിക്കാൻ രണ്ട് മണികഴിഞ്ഞിട്ടും ഉച്ചയൂണ് കഴിച്ചിരുന്നില്ല. രാമപുരം വിജയമന്ദിരത്തിൽ അനിൽകുമാറിന്റെ ഗൃഹപ്രവേശനച്ചടങ്ങായിരുന്നു ഇന്നലെ. ഏറ്റവും അടപ്പമുള്ളവർ മാത്രം പങ്കെടുത്ത ചടങ്ങിൽ ഹരിക്കും ക്ഷണമുണ്ടായിരുന്നു. ക്ഷണിച്ചപ്പോഴെ അനിൽകുമാർ പറഞ്ഞത് ഉച്ചയൂണിന് എത്തണമെന്നാണ്. പ്രചാരണത്തിരിക്കിനിടെ രാമപുരത്ത് എത്തിയപ്പോൾ സമയം ഏറെ വൈകി. വീട്ടിലേയ്ക്ക് കയറും മുൻപെ ആരതി ഉഴിഞ്ഞാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. അനുഗ്രഹം ചൊരിഞ്ഞ് ഭാഗവതാചാര്യൻ വ്യാസൻ അമനകരയും. സഹപ്രവർത്തർക്കൊപ്പം ഊണ് കഴിക്കുമ്പോഴും വോട്ട് തേടുകയായിരുന്നു സ്ഥാനാർത്ഥി. പാലടപ്രഥമൻ തൂശനിലയിൽ നിന്ന് വടിച്ചെടുത്ത് കുടിച്ച ശേഷം ഒരു കമന്റും, ഈ പ്രഥമൻ പോലെയാവും പാലായിലെ വിജയം!
'' പാലായിൽ നഗരത്തിലെ റോഡുകൾക്ക് അപ്പുറം വികസനം എത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 240 കോടിയുടെ കേന്ദ്രഫണ്ടാണ് പാലായിലെത്തിയത്. കൂടുതൽ കേന്ദ്രഫണ്ട് എത്തിച്ച് പാലായിലെ വിവിധ പഞ്ചായത്തുകളുടെ വികസനം ഉറപ്പാക്കും''
- എൻ.ഹരി