കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം 21 ന് രാവിലെ ഒൻപതിന് നാഗമ്പടം ക്ഷേത്രത്തിലെ ഗുരുമണ്ഡപത്തിൽ നടക്കും. ഇവിടെ ആരംഭിക്കുന്ന ജപയജ്ഞം എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. പ്രാർത്ഥന, ജപം, പാരായണം, വിശേഷാൽ പൂജ എന്നിവ നടക്കും. പൂജകൾക്ക് ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. ഒന്നിനു നടക്കുന്ന വിശ്വശാന്തി സമ്മേളനം കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി ധർമ്മചൈതന്യ സ്വാമി ഉദ്ഘാടനം ചെയ്യും. വി.എം ശശി കോത്തല മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ആർ.രാജീവ്, ബോർഡ് അംഗം കെ.എ പ്രസാദ് എന്നിവർ പ്രസംഗിക്കും. മൂന്നിന് മഹാസമാധി പൂജ, വിശേഷാൽ ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവ നടക്കും. തുടർന്ന് നടക്കുന്ന സമൂഹസദ്യയോടെ ചടങ്ങുകൾ അവസാനിക്കും.