കോട്ടയം: സംസ്ഥാനത്ത് ആദ്യമായി സർക്കാർ മെഡിക്കൽ കോളേജിൽ നടത്തിയ താടിയെല്ലിലെ താക്കോൽദ്വാര ശസ്ത്രക്രിയ വിജയം.കോട്ടയം സ്വദേശിനിയായ യുവതിക്കാണ് ഏറെ സങ്കീർണ്ണമായ ഈ ശസ്ത്രക്രീയ നടത്തിയത്. തലയോട്ടിയുടെ അടുത്തും വളരെ ചെറുതും ആയതിനാൽ താടിയെല്ലിലെ താക്കോൽദ്വാര ശസ്ത്രക്രയ അതീവ സങ്കീർണ്ണമാണ്. മുഖത്തെ പേശികളുടെ ചലനം നിയന്ത്രിക്കുന്ന ഞരമ്പുകളും ഇതിനു സമീപത്തുകൂടിയാണ് കടന്നു പോകുന്നത്. കൈയുടെ ചൂണ്ടുവിരലിന്റ മടക്കിന്റെ വലിപ്പം മാത്രമാണ് താടിയെല്ലിന്റെ സന്ധികൾക്കുള്ളത്. തുറന്നുള്ള ശസ്ത്രക്രിയയിൽ ഉണ്ടാകുന്ന ചെറിയ പിഴവു പോലും മുഖത്തിന് അതീവ ഗുരുതരമായ പ്രശ്‌നങ്ങൾക്കു കാരണമാകും. ഇതാണ് താക്കോൽദ്വാര ശസ്ത്രക്രിയ നടത്തുവാൻ കാരണം. വായ അടയ്ക്കാൻ കഴിയാതെ വരുന്ന രോഗികൾക്കും ഈ ശസ്ത്രക്രിയ ഏറെ വിജയകരമായി നടത്തുവാൻ കഴിയും. ഇങ്ങനെയുള്ള നാലു രോഗികൾക്ക് ഇവിടെ ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു.
ചെവിയുടെ മുകളിലായി താടിയെല്ലുകൾ സന്ധിക്കുന്ന ഭാഗത്ത് രണ്ട് സൂചികൾ കടത്തിവിടും. ഒന്നിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറ വഴി കമ്പ്യൂട്ടറിലെ സ്‌ക്രീനിൽ രോഗമുള്ള ഭാഗം ദൃശ്യമാകും.രണ്ടാമത്തെ സൂചി ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്. .മാക്‌സിലോ ഫേഷ്യൽ സർജറി വിഭാഗം മേധാവി ഡോ.എസ് മോഹൻ, ഡോ.ബോബി ജോൺ, ഡോ.എൻ ജയകുമാർ, ഡോ.ഷൈനി ഡൊമിനിക്, ഡോ.പി ജി ആൻറണി, അനസ്തീഷ്യ വിഭാഗം മേധാവി ഡോ.മുരളീകൃഷ്ണൻ, ഡോ.എലിസബത്ത് തുടങ്ങിയവർ ശസ്ത്രക്രിയക്കു നേതൃത്വം നൽകി