കോട്ടയം: റബറിന് പിന്നാലെ ഗോവയിലും കർണാടകയിലുംവരെ കൈതയെത്തിക്കഴിഞ്ഞു. കൃഷി വ്യാപകമായതോടെ വിദേശത്തേക്ക് വൻ തോതിൽ കൈതച്ചക്ക കയറ്റി അയച്ചുതുടങ്ങി. എന്നാൽ കേരളത്തിലെ കൈതച്ചക്കയോളം സ്വാദ് ഗോവൻ ചക്കയ്ക്ക് ഇല്ലെന്നാണ് അന്യനാട്ടുകാർ പറയുന്നത്.
കർണാടകയിൽ ഹെക്ടർകണക്കിന് ഭൂമിയിലാണ് ഇപ്പോൾ റബർ കൃഷി നടക്കുന്നത്. അവിടെയും പ്രധാന ഇടവിള കൈതയാണ്.
ഗോവൻ കൈതച്ചക്കയെക്കാൾ ഗുണമേന്മ കർണാടകയിൽ വിളയുന്നതിനുണ്ട്. എന്നാൽ അതുക്കും മേലെയാണ് കേരളത്തിലെ ചക്കയുടെ സ്വാദ്.
കേരളത്തിൽ നിന്നാണ് കന്നാര (കൈതയുടെ ഇളം തൈ) കർണാടകയിലേക്കും ഗോവയിലേക്കും ലോറിയിൽ കയറ്റിക്കൊണ്ട് പോവുന്നത്. ഇതോടെ പറിച്ചുകളയുന്ന കൈതയ്ക്കും കേരളീയർക്ക് പണം ലഭിച്ചുതുടങ്ങി. കോതമംഗലം, തൊടുപുഴ, കോന്നി, മലയാലപ്പുഴ പ്രദേശങ്ങളിൽ നിന്നാണ് കന്നാര കൂടുതലായി കർണാടകയിലേയ്ക്കും ഗോവയിലേയ്ക്കും വണ്ടികയറുന്നത്.
എറണാകുളം ജില്ലയിലെ കോതമംഗലം, ഇടുക്കി ജില്ലയിലെ തൊടുപുഴ, കോട്ടയം ജില്ലയിലെ അരീപ്പറമ്പ്, അയർക്കുന്നം, പള്ളിക്കത്തോട്, പത്തനംതിട്ട ജില്ലയിലെ കോന്നി, തണ്ണിത്തോട്, അരുവാപ്പുലം, മലയാലപ്പുഴ പ്രദേശങ്ങളിൽ വൻതോതിലാണ് കൈത കൃഷി ചെയ്യുന്നത്. റബറിന്റെ വിലയിടിവ് കാരണം പ്രതിസന്ധിയിലായ കർഷകർക്ക് കൈതാങ്ങാണ് ഈ കൃഷി. കൈതച്ചക്കയ്ക്ക് നല്ല വില ലഭിക്കുമെന്നതിനാൽ കർഷകർക്ക് ആശ്വാസമാണ്. ശരാശരി ഒരു ചക്കയ്ക്ക് നൂറു രൂപയോളം വില ലഭിക്കും. രണ്ട് മുതൽ മൂന്ന് കിലോ വരെ തൂക്കമുണ്ടാവും ചക്കയ്ക്ക്. ഹാരിസൺ മലയാളം പ്ളാന്റേഷൻ അടക്കമുള്ള വൻകിട തോട്ടമുടമകൾ മുതൽ ചെറുകിട കർഷകർ വരെ റബറിന് ഇടവിളയായി കൈത കൃഷി ചെയ്യുന്നുണ്ട്.
കൈതചക്ക ഉപയോഗിച്ചുള്ള സ്ക്വാഷ്, ജാം മുതലായ ഉല്പന്നങ്ങളും കോതമംഗലത്തുള്ള ഫാക്ടറിയിൽ ഉല്പാദിപ്പിക്കുന്നുണ്ട്. ഇത് കൂടുതലായും വിദേശത്തേക്ക് കയറ്റി അയയ്ക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും ഗൾഫിലേക്കുമാണ് കൂടുതലും കയറ്റി അയയ്ക്കുന്നത്. ഈ ഫാക്ടറി വന്നതോടെയാണ് കർഷകർക്ക് കൈതചക്കയ്ക്ക് ന്യായമായ വില ലഭിച്ചുതുടങ്ങിയത്.
കൈതചക്കയിൽ വിറ്റാമിൻ സി കൂടുതലായുണ്ട്. ദഹനത്തിന് ഇത് സഹായകരമാണ്. കാഴ്ചശക്തി കൂടാനും കൈത ചക്ക ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും എല്ലുകളുടെ ബലത്തിനും ഇത് സഹായിക്കും.
(ബോക്സ്......)
ഇടവിളയ്ക്ക്
ഇടവേളയില്ല
ജെ.സി.ബി. ഉപയോഗിച്ച് ഉഴുതുമറിച്ച മണ്ണിൽ ഒരടി താഴ്ചയിൽ ചാലുണ്ടാക്കി ചകിരിച്ചോറും കാലിവളവും ചേർക്കും. തുടർന്ന് കന്നാര കുഴിച്ചുവയ്ക്കും. അടുപ്പിച്ചടുപ്പിച്ചാണ് കന്നാര നടുന്നത്. മേയ്, ജൂൺ മാസങ്ങളിലാണ് കൃഷിയാരംഭിക്കുക. മൗറീഷ്യസ് ഇനം കൈതയാണ് കേരളത്തിൽ കൂടുതലായി കൃഷി ചെയ്യുന്നത്. ക്യൂ, ക്യൂഎം.ഡി, അമൃത എന്നീ ഇനങ്ങളുമുണ്ട്. ഇതിൽ ക്യൂ എം.ഡി. ക്യൂ കൈതച്ചക്കകളാണ് കൂടുതലായി കയറ്റുമതി ചെയ്യുന്നത് . പൾപ്പാക്കാനാണ് മൗറീഷ്യസ് ഉപയോഗിക്കുന്നത്.
ഇടവേളയില്ലാതെ ഫലം തരുന്ന ഇടവിളയാണ് കൈത. എന്നാൽ വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഒരേസമയം പൂവിട്ടാൽ മാത്രമേ ഒരേസമയം വിളവെടുക്കാൻ കഴിയൂ. അതിനാൽ ഒരേസമയം പൂവിടാൻ വേണ്ടി എത്തിഫോൺ എന്ന മരുന്ന് തളിക്കാറുണ്ട്.
ഭൂമി കിളച്ച് പാകപ്പെടുത്തി റബർ തൈ വാങ്ങിനല്കിയാൽ അത് കുഴികുത്തി നടുന്നത് പാട്ടക്കാരനായ കർഷകരാണ്. വർഷത്തിൽ രണ്ടു തവണ വളം വാങ്ങി നല്കിയാൽ അതും റബറിന്റെ ചുവട്ടിൽ ഇട്ട് കരാറുകാരൻ തന്നെ പരിപാലിച്ചോളും. ചുരുക്കത്തിൽ നാലു വർഷത്തേക്ക് തോട്ടത്തിലേക്ക് ഉടമയ്ക്ക് തിരിഞ്ഞുനോക്കേണ്ടതില്ല. ഏഴു വർഷം കഴിഞ്ഞാൽ റബർ ടാപ്പ് ചെയ്തുതുടങ്ങാം.
റബർ വരികൾക്കിടയിലാണ് കന്ന് നടുക. കൈതയ്ക്ക് ഇടുന്നവളം റബറിന്റെ വേരുകൾ വലിച്ചെടുക്കുമെന്നതാണ് തോട്ടം ഉടമകൾ ഇടവിളയായി കൈത കൃഷി ചെയ്യാൻ കാരണം. തന്നെയുമല്ല, ഏഴു വർഷത്തിൽ നാലു വർഷം റബറിന്റെ പരിപാലനം പാട്ടക്കാരൻ നടത്തുമെന്നത് തോട്ടമുടമയ്ക്കും അനുഗ്രഹമാണ്.