ചങ്ങനാശേരി : ദിവസേന നൂറുകണക്കിന് വാഹനങ്ങൾ എത്തുന്ന മാർക്കറ്റ് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് ലക്ഷങ്ങൾ മുടക്കി നിർമിച്ച ലോറി സ്റ്റാൻഡിൽ ഇപ്പോൾ ലോറികളില്ല. പകരം, തെരുവ്നായ്ക്കളും ആടുകളും മാലിന്യക്കൂമ്പാരവുമാണ്. നഗരസഭയുടെ മുപ്പതാം വാർഡിലാണ് ലോറി സ്റ്റാൻഡ്. നാട്ടുകാർക്കും ചന്തയിലെ കച്ചവടക്കാർക്കും പ്രയോജനകരമാകട്ടെയെന്നു കരുതി നിർമ്മിച്ച സ്റ്റാൻഡാണ് നാശത്തിലേയ്ക്ക് കൂപ്പുകുത്തുന്നത്.
മൂന്ന് വർഷം മുമ്പാണ് ലോറി സ്റ്റാൻഡ് നിർമ്മിച്ചത്. പിന്നീട് യാതൊരു അറ്റകുറ്റപ്പണിയും നടന്നിട്ടില്ല. സ്വകാര്യ വ്യക്തിയും നഗരസഭയും തമ്മിൽ മൂന്നു പതിറ്റാണ്ടോളം നീണ്ട നിയമയുദ്ധത്തിനൊടുവിൽ കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് ലോറി സ്റ്റാൻഡിന്റെ നിർമ്മാണം ആരംഭിച്ചത്. ഒരേക്കറോളം വരുന്ന നഗരസഭാ ഭൂമിയിൽ അറുപതു ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമാണം. 25 ലോറികൾക്ക് ഒരേസമയം പാർക്ക് ചെയ്യാവുന്ന പ്രത്യേക ഷെഡ് പണിതു. ബാക്കി ഭാഗം കോൺക്രീറ്റും ചെയ്തു. ചന്തയിലേയ്ക്ക് ചരക്കുമായി എത്തുന്ന ലോറികൾ ഇവിടെ പാർക്ക് ചെയ്ത് സൗകര്യാർത്ഥം വ്യാപാരസ്ഥാപനങ്ങളിൽ ചരക്കിറക്കാവുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഈ ലോറി സ്റ്റാൻഡാണ് അകാലത്തിൽ അനാഥമാകുന്നത്.
കാര്യങ്ങൾ അത്ര കംഫർട്ടല്ല
ചങ്ങനാശേരിലെ ഏറ്റവും തിരക്കുള്ള ഭാഗവും അതുപോലെ നൂറുകണക്കിന് ആളുകൾ ചരക്കിറക്കാനും എടുക്കാനും ദിവസേന എത്തുന്ന സ്ഥലമാണിത്. ദിവസവും കോടികളുടെ കച്ചവടം നടക്കുന്ന മാർക്കറ്റിൽ പേരിന് പോലും ഒരു കംഫർട്ട് സ്റ്റേഷനില്ല. നേരത്തെ ഉണ്ടായിരുന്ന പച്ചക്കറി മാർക്കറ്റ്, വണ്ടിപ്പേട്ട, വട്ടപ്പള്ളി, ഫിഷ് മാർക്കറ്റ് എന്നിവിടങ്ങളിലെ കംഫർട്ട് സ്റ്റേഷനുകൾ നഗരസഭ പൊളിച്ചു നീക്കിയതോടെ ആകെ 'ആശങ്ക'യിലാണ് നാട്ടുകാർ. കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കുന്നതിനായി നഗരസഭ സ്ഥലം അനുവദിച്ചെങ്കിലും നിർമ്മാണം ഇതുവരെ തുടങ്ങിയിട്ടില്ല. ചന്തയിലെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മാർക്കറ്റിനുള്ളിലെ വീടുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പുരുഷന്മാരാകട്ടെ സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ തന്നെ കാര്യം സാധിച്ച് മടങ്ങാറാണ് പതിവ്. കെട്ടിടവും പരിസരവും ഉപയോശൂന്യമായതോടെ ഇവിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിട്ടുണ്ട് . സ്റ്റാൻഡിലെ ഷെഡിൽ പുറത്തു നിന്നുള്ള കാറുകളും മറ്റ് വാഹനങ്ങളുമാണ് പാർക്ക് ചെയ്തിരിക്കുന്നത്. സ്റ്റാൻഡിലെ മുറിയിൽ ആടുകളെയും പാർപ്പിച്ചിട്ടുണ്ട്. സ്റ്റാൻഡിന്റെ പ്രവർത്തനം തുടങ്ങാത്തതിനാൽ ലോറികൾ രാപകൽ റോഡിന്റെ ഇരുവശത്തും പാർക്കു ചെയ്യുകയാണ് പതിവ്. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. പെട്ടി ലോറികൾ പാർക്ക് ചെയ്യുന്നത് സ്റ്റാൻഡിന്റെ മുൻവശത്തായാണ്. ഒരുവശത്തുകൂടി കയറി മറ്റൊരു വശത്തുകൂടി ലോറി ഇറങ്ങിപ്പോകുന്ന രീതിയിലായിരുന്നു സ്റ്റാൻഡ് നിർമ്മിച്ചതെങ്കിലും സ്വകാര്യ വ്യക്തിയുടെതായതിനാൽ ഇറങ്ങിപ്പോകുന്ന വഴി അടച്ചു. ഷെഡിന്റെ മേൽക്കൂര പൊട്ടിപ്പൊളിഞ്ഞും തകർന്ന നിലയിലുമാണ്. പഴയ പച്ചക്കറി മാർക്കറ്റ് കെട്ടിടങ്ങൾ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ നിലയിൽ ഇവിടെ ഉണ്ട്. ബയോഗാസ് പ്ലാന്റ് പൊളിച്ചുമാറ്റി ഇപ്പോൾ കടമുറികളാക്കിയിട്ടുണ്ട്. ലോറി സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചാൽ ഗതാഗതക്കുരുക്കിന് പരിഹാരമാകും. നഗരസഭയ്ക്ക് വരുമാനവുമാകും. മാർക്കറ്റിനുള്ളിൽ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നും വ്യാപാരികളും ലോറി ഡ്രൈവർമാരും പറയുന്നു.