ചങ്ങനാശേരി : തെങ്ങണ-പെരുന്തുരുത്തി ബൈപ്പാസിൽ നാലുകോടി ജംഗ്ഷനു സമീപം റോഡ് തകർന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡിലൂടെ ഗതാഗതം തീർത്തും ദുഷ്കരമാണ്. ശക്തമായ മഴ പെയ്താൽ ഇവിടെ കാൽനടയാത്ര പോലും അസാദ്ധ്യം! റോഡിൽ രൂപപ്പെട്ട കുഴികളിൽ മഴവെള്ളംകെട്ടിക്കിടക്കുന്നത് വാഹനാപകടങ്ങൾക്കും കാരണമാകുന്നു. അറ്റകുറ്റപ്പണി നടത്തണമെന്ന് ഒട്ടേറെ തവണ ആവശ്യമുയർന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുചെ പരാതി. കുഴികളുള്ളത് വളവുകളിലായത് അപകടസാദ്ധ്യതയും ഉയർത്തുന്നു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന്റെ സമീപമുള്ള വളവിലും നാലുകോടി ജംഗ്ഷന്റെ സമീപത്തുമുള്ള കുഴികളുമാണ് ഏറെ അപകടകാരി. തിരുവല്ല ഭാഗത്തേക്കു പോകുന്നതിനായി കിഴക്കൻ മേഖലകളിൽ നിന്നുള്ളവർ കൂടുതലായും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടി തുടർച്ചയായി വെള്ളം ഒഴുകിയാണ് റോഡ് തകരുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സമീപപ്രദേശങ്ങളിലെ റോഡുകളുടെ അവസ്ഥയും പരിതാപകരമാണ്. മഴക്കാലത്തിനു മുന്നോടിയായി അറ്റകുറ്റപ്പണികളും റീടാറിംഗും പൂർത്തിയാക്കിയ റോഡുകളാണ് തകർന്നതിൽ ഏറെയും. ചെറുതും വലുതുമായ നിരവധി കുഴികളാണ് നിരത്തിൽ കാണുന്നത്. മെറ്റലും ടാറിംഗും ഇളകി റോഡിലേക്ക് മെറ്റലുകൾ അപകടകരമായ രീതിയിൽ ചിതറി കിടക്കുന്നു.