jose-tom

കോട്ടയം: പ്രചാരണം അവസാനിക്കാൻ മൂന്നു ദിവസം മാത്രം ശേഷിക്കുമ്പോഴും വോട്ടർമാരെ സ്വാധീനിക്കാവുന്ന പ്രത്യേക വിഷയങ്ങളൊന്നും ചർച്ച ചെയ്യാത്ത പാലായിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയും ഇന്നെത്തുന്നു. ഇതോടെ തിരഞ്ഞെടുപ്പ് രംഗം രാഷ്ട്രീയ പോരാട്ടവേദിയായി മാറും. രാവിലെ എത്തുന്ന മുഖ്യമന്ത്രി മൂന്നു പൊതുയോഗങ്ങളിൽ പങ്കെടുക്കും.

ആന്റണി വൈകിട്ട് പാലാ കുരിശുപള്ളി കവലയിലെ പൊതു യോഗത്തിൽ സംബന്ധിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം തൊടുപുഴയിലെ വീട്ടിൽ ചെന്ന് കണ്ട് പ്രചാരണത്തിനിറങ്ങണമെന്ന് അഭ്യ‌ർത്ഥിച്ചതോടെ ജോസ് വിഭാഗവുമായി ഇടഞ്ഞു നിൽക്കുന്ന പി.ജെ. ജോസഫും ആദ്യമായി പാലായിലെ യു.ഡി.എഫ് പ്രചാരണത്തിൽ ആന്റണിക്കൊപ്പം വേദിയിലെത്തും.

എൻ.ഡി.എയ്ക്കായി തുഷാർ വെള്ളാപ്പള്ളിയും ഇന്ന് പാലായിൽ ഇറങ്ങും. ശബരിമല പാലായിൽ ചർച്ചാവിഷയമാക്കാൻ യു.ഡി.എഫും എൻ.ഡി.എയും ശ്രമിച്ചെങ്കിലും ഇടതു മുന്നണി പിടികൊടുക്കാതെ കളിച്ചതിനാൽ ക്ലച്ചു പിടിച്ചില്ല. കെ.എം. മാണി വികാരം കൊണ്ട് മാത്രം ജയിക്കില്ലെന്ന് മനസിലാക്കി യു.ഡി.എഫ് സംസ്ഥാന സർക്കാരിനെ പ്രതിസ്ഥാനത്തു നിറുത്തിയുള്ള പ്രചാരണത്തിലേക്ക് തിരിഞ്ഞു. യു.ഡി.എഫിലെ ഭിന്നത പറഞ്ഞു നിന്ന ഇടതു മുന്നണി അതു വിട്ട് പാലാരിവട്ടം പാലം അഴിമതിയിൽ യു.ഡി.എഫിനെ പ്രതിസ്ഥാനത്തു നിറുത്താനുള്ള ശ്രമത്തിലായി. ശബരിമല വിഷയം വിട്ട് എൻ.ഡി.എ മോദി സർക്കാരിന്റെ നേട്ടങ്ങളിലൂന്നിയാണ് പ്രചാരണം. വോട്ടർമാരെ പിടിച്ചു നിറുത്താൻ കഴിയുന്ന വിഷയങ്ങളില്ലാതെ പ്രചാരണം നീങ്ങുന്നതിനിടയിലാണ് മുഖ്യമന്ത്രിയും ആന്റണിയുമെത്തുന്നത്. ഇരുവരും ഉയർത്തിക്കാട്ടുന്ന രാഷ്ട്രീയ വിഷയങ്ങളാവും ടോപ് ഗിയറിലേക്ക് കടന്ന പാലാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ അജൻഡ ഇനി നിശ്ചയിക്കുക.

'ജോസേ, ഞാൻ ഇന്ന് പാലായിലെത്തും. എ.കെ ആന്റണിയും വരുന്നുണ്ടല്ലോ. നമുക്ക് ജയിച്ചുകയറണം''. തൊടുപുഴയിലെ വീട്ടിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിനെ കൈകൊടുത്ത് യാത്രയാക്കുന്നതിനിടെ പി.ജെ. ജോസഫ് പറഞ്ഞു. ഇന്നലെ രാവിലെയാണ് ജോസ് ടോം ജോസഫിന്റെ വീട്ടിലെത്തിയത്. പത്തുമിനിട്ട് നീണ്ട സംസാരത്തോടെ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് താത്കാലിക വിരാമമായി. പാലായിൽ സഹായം അഭ്യർത്ഥിച്ചതോടെ ജോസിനെ പി.ജെ ആലിംഗനം ചെയ്തു. കോൺഗ്രസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ജോസ് ടോം എത്തിയതെന്നാണ് പ്രചാരണം.