malinya-koombaram

വൈക്കം : തകർന്നു കിടക്കുന്ന റോഡ്, കുന്ന് കൂടി ചപ്പുചവറുകൾ, അഴുക്കുചാലുകൾ. മറിഞ്ഞുകിടക്കുന്ന ഒരു പെട്ടി വണ്ടി. മുന്നിൽ കാലങ്ങളായി അടഞ്ഞുകിടക്കുന്ന ഒരു ഗേറ്റ്. സിനിമയുടെ സെറ്റല്ല, വൈക്കത്തെ ബി.എസ്.എൻ.എൽ ഓഫീസിലേക്കുള്ള വഴിയാണ്.

സത്യഗ്രഹ സ്മാരകത്തിന് മുന്നിലെ പഴയൊരു വഴിയാണിത്. ഈ വഴിയിലാണ് ബി.എസ്.എൻ.എൽ ഡിവിഷൻ ഓഫീസ്. ഒരു വശത്ത് വൈക്കം ഹെഡ് പോസ്റ്റ് ഓഫീസും. ഇത്രയും മലിനമായൊരിടം നഗരത്തിലൊരിടത്തും കാണാനാവില്ല. നഗരസഭാ കാര്യാലയത്തിന് തൊട്ടടുത്താണിതെന്നോർക്കണം. ഒരുകാലത്ത് താലൂക്ക് ആശുപത്രിയിലേക്കുള്ള തിരക്കേറിയ വഴിയായിരുന്നു ഇത്. പിന്നീട് ആശുപത്രി കവാടം പ്രധാന റോഡിനഭിമുഖമാക്കിയപ്പോൾ ഈ വഴി ബി.എസ്.എൻ.എല്ലിലേക്ക് മാത്രമായി. പോസ്റ്റ് ഓഫീസിന്റെ ഒരു ഗേറ്റുമുണ്ട് ഇവിടേക്ക്.

 ക്ഷേത്രനഗരിക്ക് അപമാനം

നഗരസഭ ക്ഷേത്ര നഗരിയെ മാലിന്യ വിമുക്തമായി പ്രഖ്യാപിച്ച് മാലിന്യ നീക്കം കാര്യക്ഷമമാക്കിയിരുന്നു അടുത്തിടെ. ഇതിനായി ഹരിത കർമ്മ സേന രൂപീകരിക്കുകയും ഖര, ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി അവരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കപ്പേളച്ചിറയിലെ സംസ്കരണ പ്ലാന്റിൽ ഇത്തരം ജോലികൾ നടന്നുവരുന്നുണ്ട്. പക്ഷേ നഗര ഹൃദയത്തിൽ , നഗരസഭ കാര്യാലയത്തിന് മുന്നിലെ ഈ മാലിന്യ കൂമ്പാരം മാലിന്യമില്ലാത്ത ക്ഷേത്ര നഗരി എന്ന പ്രഖ്യാപനത്തിന് നേരേയാണ് വിരൽ ചൂണ്ടുന്നത്.

എം.ടി.അനിൽകുമാർ

(നഗരസഭ പ്രതിപക്ഷ നേതാവ്)

മാലിന്യമില്ലാത്ത ക്ഷേത്ര നഗരമെന്നത് പ്രഖ്യാപനം മാത്രമായി ഒതുങ്ങുകയാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സത്യഗ്രഹ സ്മാരകത്തിന് അഭിമുഖമായി മാലിന്യം കുന്നുകൂടി കിടക്കുന്നത്. നഗരത്തിൽ നിന്നുള്ള മാലിന്യ നീക്കം കാര്യക്ഷമമല്ല. മാലിന്യ സംസ്കരണ പ്രക്രിയയിൽ പങ്കാളികളാകുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് അർഹമായ വേതനം നൽകാത്തതിനാൽ പലരും പിന്മാറുന്ന സ്ഥിതിയാണുള്ളത്.