പാലാ : എസ്.എൻ.ഡി.പി.യോഗത്തിന്റെ എക്കാലത്തേയും മികച്ച സംഘടനാ സെക്രട്ടറിയും മീനച്ചിൽ യൂണിയൻ സ്ഥാപക നേതാവുമായ ടി.കെ. മാധവന് യൂണിയനിലെ 4910ാം നമ്പർ പിഴക് ശാഖയിൽ സ്മാരകം ഉയരുന്നു. ടി.കെ.മാധവന്റെ അവസാന കാലഘട്ടത്തിൽ അദ്ദേഹം ചികിത്സ തേടിയത് പിഴകിന് സമീപമുള്ള തോപ്പിൽ വൈദ്യന്റെ വീട്ടിൽ ആയിരുന്നു.
യൂണിയൻ നേതാവായി അഡ്വ.കെ.എം.സന്തോഷ് കുമാർ സ്ഥാനമേറ്റത് മുതൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലൂടെ ടി.കെ.മാധവനെക്കുറിച്ചും , മീനച്ചിൽ താലൂക്കുമായുള്ള ബന്ധത്തേക്കുറിച്ചും തുടരെ സംസാരിച്ചിരുന്നു. ഇതേ തുടർന്നാണ് ശാഖയിൽ മാധവനെന്ന ഉന്നതസാരഥിയുടെ പേരിൽ മനോഹരമായൊരു സ്മാരക മന്ദിരം പണിയാൻ തീരുമാനിച്ചതെന്ന് ശാഖാ നേതാക്കളായ ഷാജൻ, സുകുമാരൻ മുക്കുറ്റി, സാബു കൊടൂർ, ഡോ. കാർത്തികേയൻ എന്നിവർ പറഞ്ഞു. കഴിഞ്ഞ ദിവസം ശിവഗിരിമഠം സന്യാസിശ്രേഷ്ഠനും കുന്നുംപാറ ക്ഷേത്ര കാര്യദർശിയുമായ സ്വാമി ബോധിതീർത്ഥ സ്മാരക മന്ദിരത്തിന്റെ ശിലാന്യാസ കർമ്മം നിർവഹിച്ചു. യൂണിയൻ കൺവീനർ അഡ്വ.കെ.എം.സന്തോഷ് കുമാർ, എസ്.എൻ.പി ദേവ ട്രസ്റ്റ് ചെയർമാൻ പി.എസ്.ശാർങ്ധരൻ, വൈസ് ചെയർമാൻ മോഹൻദാസ് പേണ്ടാനത്ത്, കടനാട് ബാങ്ക് പ്രസിഡന്റ് സാബു പൂവത്തിങ്കൽ, പിഴക് ശാഖാ പ്രസിഡന്റ് ഷാജൻ കൊടൂർ, വൈസ് പ്രസിഡന്റ് സുകുമാരൻ മുക്കുറ്റി, സെക്രട്ടറി സാബു കൊടൂർ, യൂണിയൻ കമ്മിറ്റി ഡോ.കാർത്തികേയൻ, മറ്റ് ശാഖാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.