വൈക്കം : കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്റിസഭയിൽ കെ. ആർ. ഗൗരിയമ്മ കൊണ്ടുവന്ന ഭൂപരിഷ്‌ക്കരണ നിയമമാണ് ഐക്യകേരളത്തിന്റെ സാമൂഹ്യ മാറ്റങ്ങൾക്ക് വഴിതെളിച്ചതെന്ന് എം. ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. പി. കെ. ഹരികുമാർ പറഞ്ഞു.
ജന്മി വാഴ്ചയിൽ അടിമകളായി കഴിഞ്ഞവർക്ക് സ്വന്തമായി കിടപ്പാടവും, വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങളും, വിദ്യാഭ്യാസം നേടാനുള്ള സ്വാതന്ത്ര്യവും ഭൂപരിഷ്‌കരണ നിയമത്തിന്റെ നേട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കെ. ആർ. ഗൗരിയമ്മ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'ഐക്യകേരളവും കെ. ആർ ഗൗരിയമ്മയും' സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന സെമിനാറിൽ കൺവീനർ എസ്. എൻ. ടി. ബാബു മോഡറേറ്ററായി. അഡ്വ. എ. എൻ. രാജൻബാബു മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ. തോമസ് ഉണ്ണിയാടൻ, ജെ.എസ്.എസ്. സംസ്ഥാന സെക്രട്ടറി ആർ. പൊന്നപ്പൻ, നഗരസഭാ ചെയർമാൻ പി. ശശിധരൻ, പിന്നാക്ക വികസന കോപ്പറേഷൻ ചെയർമാൻ പി.കെ. സുരേഷ്, അഡ്വ. സുനിത വിനോദ്, എം.പി. ജയപ്രകാശ്, ജെ.എം. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.