തലയോലപ്പറമ്പ് : ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ തകരാറിലായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും
ഇവ പ്രവർത്തനക്ഷമമാക്കാൻ അധികൃതർ തയാറാകാത്തതു മൂലം ജംഗ്ഷനുകൾ സന്ധ്യ കഴിഞ്ഞാൽ പിന്നെ ഇരുട്ടിന്റെ പിടിയിലാണ്. തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷൻ, പള്ളിക്കവല എന്നിവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിട്ടു. നാല് മാസങ്ങൾക്ക് മുൻപ് പഞ്ചായത്ത് തുക ചെലവഴിച്ച് പള്ളിക്കവലയിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ ലീഫുകൾ നന്നാക്കിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഇത് വീണ്ടും തകരാറിലായി. വെളിച്ചക്കുറവ് മൂലം ദൂരസ്ഥലങ്ങളിൽ നിന്നു വരുന്ന യാത്രക്കാരെയടക്കം പ്രതിസന്ധിയിലാക്കുന്നു. അന്തർസംസ്ഥാന ബസുകൾ വന്ന് യാത്രക്കാരെ കയറ്റി ഇറക്കുന്ന ഈ രണ്ട് പ്രധാന സ്ഥലങ്ങളിലും സന്ധ്യകഴിഞ്ഞാൽ കൂരിരുട്ടാണ്. നാല് റോഡുകൾ സംഗമിക്കുന്ന പള്ളിക്കവലയിൽ പുതിയതായി സ്ഥാപിച്ച ട്രാഫിക് സിഗ്‌നൽ ലൈറ്റുകളാണ് ദീർഘദൂര യാത്രക്കാർക്ക് ഏക ആശ്വാസം. വെളിച്ചമില്ലെങ്കിലും പോകേണ്ട ദിശമനസസിലാക്കാൻ സാധിക്കുന്നുണ്ട്. തലപ്പാറ ജംഗ്ഷനിലും കഴിഞ്ഞ മാസം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു. ജംഗ്ഷന് സമീപമുള്ള വ്യാപാരസ്ഥാപനങ്ങൾ രാത്രി അടയ്ക്കുന്നതോടെ യാത്രക്കാർ ഇരുട്ടിൽ തപ്പേണ്ട സ്ഥിതിയാണ്. മുക്കിലുംമൂലയിലും പുതിയ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുമ്പോഴും പ്രധാന ജംഗ്ഷനുകളിൽ തകരാറിലായ ലൈറ്റുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
സെൻട്രൽ ജംഗ്ഷൻ, പള്ളിക്കവല എന്നിവിടങ്ങളിലെ തകരാറിലായ ഹൈമാസ്റ്റ് ലൈറ്റുകൾ ഉടൻ പ്രകാശിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം
ഭാരവാഹികൾ, ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ