പാല: കൊട്ടിക്കലാശത്തിലേക്കെത്താൻ മൂന്ന് ദിവസമേയുള്ളൂ. പക്ഷേ,​ പാലായിൽ കാര്യങ്ങൾ "ശോകമൂക"മാണ്. ഒരു തിരഞ്ഞെടുപ്പിലും പാലാ ഇങ്ങനെ ഉറങ്ങിക്കിടന്നിട്ടില്ല. ഇന്ന് മുതൽ വി.ഐ.പികൾ എത്തുമ്പോൾ സംഗതി കളറാകുമെന്ന് നേതാക്കൻമാർ പറയുമ്പോൾ അണികൾക്ക് അത്ര വിശ്വാസം പോര.

ആളില്ല,​ അനക്കമില്ല. ഇടയ്ക്കിടക്ക് സ്ഥാനാർത്ഥികളുടെ അനൗൺസ്മെന്റ് വാഹനം പോകുന്നതല്ലാതെ തിരഞ്ഞെടുപ്പ് അടുത്തതിന്റെ യാതൊരു ഓളവും പാലായിലില്ല. സംസാരിച്ച വോട്ടർമാർക്കും അത്ര മൂഡില്ല. ഒരു സ്ഥാനാർത്ഥിയുടേയും പിന്നാലെ അത്രവലിയ ആൾക്കൂട്ടമൊന്നുമില്ല. നാട്ടിലെ പ്രവർത്തകരേക്കാൾ ഏറെയുള്ളത് മറ്റ് ജില്ലയിലുള്ളവർ. അന്യജില്ലയിൽ നിന്ന് നേതാക്കളുടെ പടയുണ്ടെങ്കിലും വോട്ടർമാർ ഇതുവരെ ഉഷാറായിട്ടില്ല.

* പണിക്ക് പോയില്ലേൽ പട്ടിണിയാണ് സാറേ

പ്രമുഖ പാർട്ടിയുടെ പ്രവർത്തകനായ ബിനോയി കൂലിപ്പണിക്കാരനാണ്. തിരഞ്ഞെടുപ്പിന്റെ പേരിൽ പണി കളഞ്ഞ് പ്രവർത്തനത്തിന് പോകാൻ ഇല്ലെന്നാണ് ബിനോയ് പറയുന്നത്. ഇത് ബിനോയിയുടെ മാത്രം അഭിപ്രായമല്ല. രാഷ്ട്രീയപാർട്ടികളോടുള്ള വിശ്വാസമില്ലായ്മ പാലായിലെ വോട്ടർമാരിൽ പ്രകടമാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പോലും സജീവമായി ഇറങ്ങിയവർ ഇക്കുറി കളത്തിലില്ല. അവസാനഘട്ട പ്രചാരണത്തിന് സ്ഥാനാർത്ഥികൾക്കൊപ്പം പ്രവർത്തകരുടെ നീണ്ടനിര സാധാരണ കാണാറുണ്ടെങ്കിൽ ഇക്കുറി വിരലിൽ എണ്ണാവുന്നവർ മാത്രമാണുള്ളത്. എല്ലാ സ്ഥാനാർത്ഥികളുടെയും പോസ്റ്ററുകൾ പോലും മണ്ഡലത്തിലെ എല്ലായിടത്തുമില്ല.

*ഓളമില്ലാതെ ഓഫീസുകളും

യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ടൗൺഹാളിന് സമീപമാണ്. വലിയൊരു കൈതച്ചക്കയുടെ മാതൃക സ്ഥാപിച്ചിട്ടുണ്ട്. കേരളാകോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ ചർച്ചയിലാണ്. മറ്റ് ജില്ലയിലെ നേതാക്കൻമാരും അലസമായി നോക്കി ഇരിക്കുന്നു. ഇന്ന് എ.കെ.ആന്റണി എത്തുന്നതിന്റെ സന്തോഷം ചില കോൺഗ്രസ് നേതാക്കളുടെ മുഖത്തുണ്ട്. വോട്ട് പിടിക്കാൻ ഇറങ്ങുന്നില്ലേയെന്ന് ചോദിച്ചപ്പോൾ ഒന്നിനും ഒരു ഉഷാറായില്ലെന്നായിരുന്നു അയൽജില്ലക്കാരനായ ഒരു നേതാവിന്റെ മറുപടി.

*പിണറായിയും ആന്റണിയും കേന്ദ്രനേതാക്കളും

മൂന്ന് ദിവസം ക്യാമ്പ് ചെയ്തുള്ള പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും. ജോസ് ടോമിന് വേണ്ടി വോട്ട് ചോദിച്ച് എ.കെ.ആന്റണി ഇറങ്ങുമ്പോൾ ഒപ്പം പി.ജെ.ജോസഫമുണ്ടാകും. ത്രിപുരയിൽ ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ ചുക്കാൻ പിടിച്ച സുനിൽ ദിയോദർ ഇന്നലെ മുതൽ പാലായിലുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരൻ അടക്കമുള്ള നേതാക്കളും പാലായിലെത്തും.