കുറവിലങ്ങാട് : കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വളകുഴി - ഇലയ്ക്കാട് റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. നിരവധി സ്വകാര്യ വാഹനങ്ങളും സ്കൂൾ വാനുകളും കടന്നു പോകുന്ന റോഡാണിത്. കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ ഭീതിയോടെയാണ് ഇരുചക്ര വാഹനയാത്രക്കാർ കടന്നു പോകുന്നത്. രാത്രികാലങ്ങളിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ അപകടങ്ങളും പതിവാണ്. റോഡിന് ആവശ്യത്തിന് വീതിയില്ലാത്തതിനാൽ തകർന്ന റോഡിലൂടെയുള്ള കാൽനടയാത്രയും ദുസഹമാണ്.
വർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്ത റോഡിൽ കുറച്ചുഭാഗം റീ - ടാറിംഗ് നടത്തിയിരുന്നു. എന്നാൽ തകർന്ന ഭാഗത്ത് കുഴികൾ വലുതായി. മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടസാദ്ധ്യത കൂട്ടുന്നു. ടാറിംഗ് പൂർണമായും ഇളകി മെറ്റലും ചരലും നിറഞ്ഞു കിടക്കുയാണ്.
കുഴിയടച്ച് ഓട്ടോ ഡ്രൈവർമാർ
ഇലയ്ക്കാട്, വളകുഴി ഭാഗത്തെ ഒാട്ടോ ഡ്രൈവർമാർ മണ്ണിട്ട് കുഴി താത്കാലികമായി മൂടിയിട്ടുണ്ട്. എങ്കിലും ഇതുവഴിയുള്ള വാഹനയാത്രയും കാൽനടയാത്രയും ദുർഘടമാണ്. ആരാധനലായങ്ങൾ, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിനായി പ്രദേശവാസികൾ ആശ്രയിക്കുന്നത് ഈ റോഡാണ്. കുഴിയിൽച്ചാടി വാഹനങ്ങളുടെ അടിവശം തട്ടുന്നതും പതിവാണ്.
''റോഡ് നവീകരണത്തോട് അധികൃതർ മുഖംതിരിഞ്ഞ് നിൽക്കുകയാണ്. അടിയന്തിരമായി റോഡ് ടീ-ടാർ ചെയ്ത് പ്രദേശത്തെ യാത്രാദുരിതത്തിന് പരിഹാരം കാണണം""
-രാജൻ, പ്രദേശവാസി
കാൽനടയാത്രയും അസാദ്ധ്യം
തകർന്ന ഭാഗത്ത് വൻകുഴികൾ
അപകടങ്ങൾ പതിവാകുന്നു