കോട്ടയം: പാലായിൽ ഇന്ന് വി.വി.ഐ.പി നേതാക്കളിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10ന് മേലുകാവുമറ്റത്ത് ഇടതുപൊതു യോഗത്തിൽ സംസാരിക്കും. വൈകിട്ട് കൊല്ലപ്പള്ളി , പോണ്ടാനം വയൽ എന്നിവിടങ്ങളിലും നാളെ മുത്തോലിക്കവല പൈക, കൂരാലി, 20ന് പനയ്ക്കപ്പാലം, രാമപുരം, പാലാ ടൗൺ എന്നിവിടങ്ങളിലും പ്രസംഗിക്കും. ഉപതിരഞ്ഞെടുപ്പിനായി മുഖ്യമന്ത്രി ഒരു മണ്ഡലത്തിൽ മൂന്ന് ദിവസം തങ്ങി ഒമ്പത് യോഗങ്ങളിൽ സംബന്ധിക്കുന്നത് ആദ്യമായാണ്. മന്ത്രിമാരായ തോമസ് ഐസക്ക്, ഇ.പി.ജയരാജൻ, എം.എം.മണി, എ.കെ.ബാലൻ, ജെ.മേഴ്സി ക്കുട്ടിയമ്മ , കടകം പള്ളി സുരേന്ദ്രൻ, ജി.സുധാകരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ കുടുംബയോഗങ്ങളിലും പൊതുയോഗങ്ങളിലും ഇന്നലെ സംബന്ധിച്ചു .
യു.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് 4 ന് പാല കുരിശുപള്ളി കവലയിൽ നടക്കുന്ന മഹാസമ്മേളനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം എ.കെ. ആന്റണി എം.പി ഉദ്ഘാടനം ചെയ്യും . തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ , മുസ്ലീം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി , യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ എം പി , പി.ജെ ജോസഫ് എം.എൽ.എ ,ജോസ് കെ. മാണി എം.പി തുടങ്ങിയവർ പ്രസംഗിക്കും.
ഇടതു സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ പര്യടനം മുല്ലമറ്റത്ത് മന്ത്രി പി.തിലോത്തമനും രാമപുരം ജംഗ്ഷനിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ഉദ്ഘാടനം ചെയ്തു. കാപ്പൻ ഇന്ന് ഭരണങ്ങാനം, മീനച്ചിൽ എലിക്കുളം പഞ്ചായത്തുകളിൽ പര്യടനം നടത്തും.
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ദേവ്ധർ ഇന്നലെ പാലായിലെത്തി. മുത്തോലിയിലും രാമപുരത്തും അദ്ദേഹം പ്രസംഗിച്ചു. സി.പി.എം ദുർഭരണദുരിതത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ഓരോ പ്രവർത്തകരും രംഗത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവു നാളെ രാവിലെ പാലായിലെത്തും. വൈകിട്ട് 4.30ന് തലപ്പുലത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടർന്ന് മീനച്ചിലിലും ഐങ്കൊമ്പിലും കുടുംബയോഗങ്ങളിൽ സംസാരിക്കും. ഒ. രാജഗോപാൽ, സുരേഷ് ഗോപി എം.പി. എന്നിവരും പാലായിലെത്തും.