കോട്ടയം: സർക്കാർ ഏജൻസികളുടെ മെല്ലെപ്പോക്ക് കാരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനപദ്ധതികൾ മുടന്തുന്നു. കെ.എസ്.ഇ.ബി, ജല അതോറിട്ടി, ഭൂഗർഭ ജലവിഭവ വകുപ്പ് എന്നീ ഏജൻസികൾ ഡിപ്പോസിറ്റ് വർക്കുകൾ എന്ന ഓമനപ്പേരിൽ കൈപ്പറ്റിയ 24.08 കോടിരൂപയാണ് ജില്ലയിൽ ചെലവഴിക്കാതെ കിടക്കുന്നത്.
2015-16 മുതൽ പൂർത്തീകരിക്കാത്ത ജോലികളും ഈ കൂട്ടത്തിലുണ്ട്. ഗ്രാമസഭകളും പഞ്ചായത്ത് കമ്മിറ്റികളുമൊക്കെ അടിയന്തര പ്രാധാന്യം കൽപ്പിക്കുന്ന കുടിവെള്ള പദ്ധതികൾ ഉൾപ്പെടെയാണ് അഞ്ചുവർഷത്തോളമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞമാസം 28ന് ചേർന്ന സംസ്ഥാനതല വികേന്ദ്രീകൃതാസൂത്രണ കോ-ഓർഡിനേഷൻ കമ്മിറ്റിയിൽ പ്ലാനിംഗ് ബോർഡ് അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഡിപ്പോസിറ്റ് വർക്കുകളുടെ വിനിയോഗത്തിൽ സർക്കാർ ഏജൻസികൾ കാലതാമസം വരുത്തുന്നതായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ജില്ലയിൽ 2015- 16 മുതൽ 2019- 20 വരെ കെ.എസ്.ഇ.ബി ഏറ്റെടുത്ത 152 പദ്ധതികൾ പൂർത്തിയാക്കാനുണ്ട്. ഗ്രാമീണ വൈദ്യുതീകരണം, വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ, ജനങ്ങൾക്കും ഗതാഗതത്തിനും തടസമുണ്ടാക്കുന്ന ട്രാൻസ്ഫോമറുകളും വൈദ്യുതി ലൈനുകളും മാറ്റി സ്ഥാപിക്കൽ തുടങ്ങിയ ജോലികൾക്കുള്ള തുക തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ബോർഡിന് മുൻകൂറായി നൽകിയിട്ടുള്ളതാണ്.
വിനിയോഗിക്കാത്ത പണം
കെ.എസ്.ഇ.ബി
152 പദ്ധതികൾ 964.73 ലക്ഷം
വാട്ടർ അതോറിട്ടി
149 പദ്ധതികൾ 949.48 ലക്ഷം
ഭൂഗർഭജല അതോറിട്ടി
88 പദ്ധതികൾ 493 ലക്ഷം
തീരുമാനങ്ങൾ
തദ്ദേശസ്വയംഭരണസ്ഥാപനമേധാവികളോട് പദ്ധതി വേഗത്തിലാക്കാൻ ആവശ്യപ്പെടണം.
വകുപ്പ് മേധാവികളോട് ഡിപ്പോസിറ്റ് വർക്കുകൾപൂർത്തിയാക്കാൻ നിർദ്ദേശം നൽകണം.
നടപ്പാക്കൽ ആസൂത്രണ വകുപ്പ് വഴി കോ-ഓർഡിനേഷൻ കമ്മിറ്റിയെ അറിയിക്കണം.
ചെലവഴിക്കാതെ
24.08 കോടി
തുക മുൻകൂറായി നൽകിയിട്ടും വികസന പദ്ധതികൾ പൂർത്തിയാക്കാൻ കഴിയാത്തത് ദൗഭാഗ്യകരമാണ്. ഉദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികളെങ്കിൽ കർശന നടപടി സ്വീകരിക്കണം.
വിനോദ് കുമാർ, കോടിമത
പൊതുപ്രവർത്തകൻ