പാലാ : റീസർവേയിലെ അപാകതമൂലം മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ 12 വില്ലേജുകളിൽപ്പെട്ട 40,000 കുടുംബങ്ങളിൽപ്പെട്ടവരുടെ വസ്തു ബി.ടി.ആറിൽ പുരയിടത്തിനു പകരം തോട്ടമായി തെറ്റായി രേഖപ്പെടുത്തിയതിനെതിരെ ഇന്ന് മഹാകർഷക സംഗമം സംഘടിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് പാലാ ളാലം സെന്റ് മേരീസ് (പഴയപള്ളി) പള്ളി പാരിഷ്ഹാളിലാണ് സംഗമം. ഇൻഫാമിന്റെയും കർഷകവേദിയുടെയും നേതൃത്വത്തിൽ നടക്കുന്ന കർഷക സംഗമത്തിൽ പാലായിലെ സ്ഥാനാർഥികളായ അഡ്വ. ജോസ് ടോം, മാണി സി. കാപ്പൻ, അഡ്വ. എൻ. ഹരി തുടങ്ങിയവർ പങ്കെടുക്കുന്ന മുഖാമുഖം പരിപാടിയുമുണ്ട്. റബർ ബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് 'തോട്ടം പുരയിടം' വിഷയത്തിലെ നിലവിലെ പ്രതിസന്ധിയെപ്പറ്റി വിഷയാവതരണം നടത്തും. ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ മോഡറേറ്ററായിരിക്കും. ഇൻഫാം പാലാ കാർഷിക ജില്ലാ പ്രസിഡന്റ് റവ. ഫാ. തോമസ് തറപ്പേൽ അദ്ധ്യക്ഷത വഹിക്കും. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ഡയറക്ടർ റവ. ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്യും. ജോയി മാമ്പറമ്പിൽ, അഡ്വ. എബ്രഹാം തോമസ്, ജെയിംസ് ചൊവ്വാറ്റുകുന്നേൽ എന്നിവർ പ്രസംഗിക്കും.

പരിഹാരം കാണും : കളക്ടർ

സ്ഥലം ഉടമകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ട ഭൂരേഖാ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ സുധീർ ബാബു പത്രക്കുറിപ്പിൽ അറിയിച്ചു.