തലയോലപ്പറമ്പ്: വെട്ടാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. നീണ്ട ശ്രമത്തിനൊടുവിൽ നാട്ടുകാർ ചേർന്ന് പിടിച്ചുകെട്ടി. കൊണ്ടുപോകാനായി വന്ന ഉടമയ്ക്ക് ഒടുവിൽ പോത്തിനെ കെട്ടിയ കയർപോലും കിട്ടിയില്ല.കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ഓടെ മുളക്കുളം പഞ്ചായത്തിലെ അവർമ്മ ചെമ്മനംകുന്ന് ഭാഗത്താണ് സംഭവം. അറുനൂറ്റിമംഗലത്ത് കശാപ്പിനായി കൊണ്ടുവന്ന പോത്തിനെ വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടയിൽ വിരണ്ടോടുകയായിരുന്നു. രാത്രിയിൽ പോത്തിനെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വിവരം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ഇതിനിടയിൽ അവർമ്മ ഭാഗത്തേക്ക് വിരണ്ടോടിയ പോത്തിനെ നാട്ടുകാർ ചേർന്ന് മരത്തിൽ കെട്ടിയിടുകയായിരുന്നു. രാവിലെ പോത്തിനെ അഴിക്കാൻ ഉടമസ്ഥനെത്തിയപ്പോഴാണ് പോത്തിനെ കാണാനില്ലെന്ന് അറിയുന്നത്. ഉടമ ഇത് സംബന്ധിച്ച് വെള്ളൂർ പൊലീസിൽ പരാതി നൽകി.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉടമയുടെ സമീപവാസികളായ 10 ഓളം യുവാക്കൾ കെട്ടിയിട്ട രാത്രി തന്നെ പോത്തിനെ കശാപ്പ് ചെയ്ത് ഇറച്ചി പങ്കിട്ടെടുത്ത വിവരം മനസിലായത്. ഒടുവിൽ പൊലീസ് ഇവരെ വിളിച്ചു വരുത്തി. കേസിൽ നിന്നും ഊരാൻ പോത്തിന്റെ വിലയായ 70000 രൂപ നൽകണമെന്ന് ഉടമ ആവശ്യപ്പെട്ടു. ഒടുവിൽ പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് 50000 രൂപ നൽകി പ്രശ്‌നം പരിഹരിച്ചു.