പാലാ : വിശ്വകർമ്മജർ തൊഴിൽമേഖലയിൽ സംഭവിച്ചിരിക്കുന്ന മാറ്റങ്ങൾ നോക്കിക്കണ്ട് അതിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ തയ്യാറാകണമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. അഖിലകേരള വിശ്വകർമ്മ മഹാസഭ മീനച്ചിൽ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ പാലായിൽ നടന്ന വിശ്വകർമ്മദിനാഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനികവത്കരണം പരമ്പരാഗത തൊഴിൽമേഖലകൾ നാമാവശേഷമാക്കി. ആഭരണ നിർമ്മാണത്തൊഴിലാളികൾ ഉൾപ്പെടെയുള്ള വിശ്വകർമ്മജർ ഇതിന്റെ ജീവിക്കുന്ന രക്തസാക്ഷികളാണ്. പുതിയ വിഭാഗങ്ങൾ പരമ്പരാഗത തൊഴിൽമേഖലയിലേക്ക് കടന്നുവന്നതാണ് ഭവന നിർമ്മാണത്തിലടക്കം സംഭവിച്ചത്. സമ്പദ്ഘടനയുടെ വളർച്ചയ്‌ക്കൊപ്പം നീങ്ങാൻ വിശ്വകർമ്മജരടക്കമുള്ളവർക്ക് കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് ടി.എസ്. ശ്രീധരൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എ. അപ്‌സലൻ ആമുഖപ്രസംഗം നടത്തി. ബി.ജെ.പി. ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസ് വിശ്വകർമ്മദിന സന്ദേശം നൽകി.