തലയോലപ്പറമ്പ് : കാൽ കുത്താൻ കഴിയില്ല. അടിതെറ്റിയാൽ ചെളിക്കുഴിലേക്ക്... ഒരുവട്ടം വന്നവനൊട്ട് ഈ വഴി വരുകയുമില്ല. സിംല ജംഗ്ഷൻ - ചിറേക്കടവ് കടത്ത് കടവ് നടപ്പാതയുടെ കാര്യത്തിൽ ഇക്കാര്യങ്ങളെല്ലാം അക്ഷരം പ്രതി സത്യമാണ്. എന്തിന് അധികം പറയണം, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലേക്ക് പോകേണ്ടവർ പോലും പെട്ടുപോകുന്ന അവസ്ഥ. പ്രസിഡന്റിന്റെ വീട്ടിലേക്കുള്ള ഈ എളുപ്പവഴി തകർന്നതോടെ കാൽനട ഇപ്പോൾ നരകയാത്രയ്ക്ക് സമാനമാണ്. തലയോലപ്പറമ്പ് പഞ്ചായത്ത് ഒന്നാം വാർഡിലെ 50 ഓളം വീട്ടുകാരും മറവൻതുരുത്തിൽ നിന്ന് കടത്തുകടന്ന് അക്കരെ ഇക്കരെ വന്നുപോകുന്ന യാത്രക്കാരും പ്രധാന റോഡിലേക്ക് എത്താൻ ഉപയോഗിക്കുന്ന ഒറ്റയടിപ്പാതയാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. പ്രദേശത്തെ കുടുംബങ്ങൾ ബസ് സ്റ്റോപ്പിൽ എത്തുന്നതും ഈ വഴിയാണ്. നൂറ് മീറ്ററോളം വരുന്ന ഒറ്റയടിപ്പാത നിറയെ കുഴികളാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഈ ദുരിതത്തിൽ വലയുന്നു. കുട്ടികൾ ചെളിയിൽ തെന്നിവീഴുന്നതും പതിവാണ്. കഴിഞ്ഞ ദിവസം സൈക്കിൾ മറിഞ്ഞ് വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു. ചെളി തെറിക്കുന്നതിനാൽ ഒറ്റയടിപാത പിന്നിട്ടശേഷമാണ് സ്കൂൾ കുട്ടികളിൽ പലരും യൂണിഫോം ധരിക്കുന്നത്.

വൈകരുത്

അറ്റകുറ്റപണി

കുഴികൾ അടച്ച് അറ്റകുറ്റപ്പണികൾ നടത്തിയാൽ ശോച്യാവസ്ഥയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാം. എന്നാൽ പഞ്ചായത്ത് അധികൃതർ പ്രദേശവാസികളുടെ ദുരിതം കണ്ടില്ലെന്ന മട്ടിലാണ്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ സമരത്തിനുള്ള നീക്കത്തിലാണ് യാത്രക്കാർ. അതേസമയം പഞ്ചായത്തിന്റെ ആസ്ഥിരേഖകളിൽ ഈ നടപ്പ് വഴി ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണികൾക്ക് തുക ചെലവഴിക്കാാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

ഫോട്ടോ: സിംല ജംഗ്ഷൻ - ചിറേക്കടവ് കടത്ത് കടവിലേയ്ക്കുള്ള ഒറ്റയടിപ്പാത തകർന്ന നിലയിൽ